കൊല്ലം: വികസിത കൊല്ലത്തിന് ടൂറിസം വികസനം എന്ന ആശയവുമായി ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30, 31 തീയതികളിലായി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് ‘കൊള്ളാം കൊല്ലം’ എന്ന പേരില്‍ രണ്ട് ദിവസത്തെ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. 29ന് വൈകിട്ട് 6.30ന് ജന്മഭൂമി സുവര്‍ണജയന്തി പ്രദര്‍ശിനിയുടെയും ടൂറിസം സ്റ്റാളുകളുടെയും ഉദ്ഘാടനം നടക്കും.
30ന് രാവിലെ 10ന് ടൂറിസം സെമിനാറുകളുടെ ഉദ്ഘാടനസമ്മേളനം. കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, കേന്ദ്ര ടൂറിസം വകുപ്പ് സൗത്ത് റീജിയണല്‍ ഡയറക്ടര്‍ വെങ്കിടേശന്‍ ദത്താത്രേയന്‍, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, സംഘാടസമിതിയംഗം വി.എസ്. ജിതിന്‍ദേവ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ. ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍ അധ്യക്ഷത വഹിക്കും.
31ന് രാവിലെ 10ന് ചേരുന്ന സുവര്‍ണജയന്തി സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ്. ആര്‍. നായര്‍, ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുമായ പ്രശാന്ത് വാസുദേവ്, സംഘാടക സമിതിയംഗം വി. പ്രതാപന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
വ്യാവസായിക, സാംസ്‌കാരികരംഗത്ത് കൊല്ലത്തിന്റെ യശസുയര്‍ത്തിയ അന്തരിച്ച കെ. രവീന്ദ്രനാഥന്‍ നായര്‍, പൊയിലക്കട ഗംഗാധരന്‍ പിള്ള എന്നിവരുടെ സംഭാവനകളെ പുരസ്‌കരിച്ച് ജന്മഭൂമി സുവര്‍ണജയന്തി ആദരവ് സമര്‍പ്പിക്കും. കൊല്ലത്തെ പൗരപ്രമുഖരെ പരിപാടിയില്‍ ആദരിക്കും.
പില്‍ഗ്രിം, ബാക്ക് വാട്ടര്‍, ടൂറിസം പ്രൊമോഷന്‍, സേവനദാതാക്കള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്. സെമിനാറുകളില്‍ സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് മുന്‍ ജനറല്‍ മാനേജര്‍ സുബ്രഹ്‌മണ്യം, ഇംപീരിയല്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് സിഇഒ ദിലീപ്കുമാര്‍. പി.ഐ., ദി ട്രാവല്‍ പ്ലാനേഴ്സ് സിഇഒ അനീഷ് കുമാര്‍. പി.കെ., ടൂറിസ്റ്റ് ഗൈഡ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജയച്ചന്ദ്രന്‍. വി.ജി തുടങ്ങിയവര്‍ സെമിനാറുകള്‍ നയിക്കും.
31ന് വൈകിട്ട് 4.30ന് ചേരുന്ന സമാപന സഭയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സംസാരിക്കും. സ്വാഗതസംഘം രക്ഷാധികാരി ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. രക്ഷാധികാരികള്‍ എസ്. നാരായണ സ്വാമി, ഡോ.ജെ. സീതാരാമന്‍, ഡോ. ജി. ജയദേവന്‍, ഡോ. പി. മോഹനന്‍നായര്‍, ഡോ. എന്‍.എന്‍. മുരളി, ഡോ.ബി.എസ്. പ്രദീപ്, ജി. രാജന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമാപന സഭയില്‍ പുരസ്‌കാരങ്ങള്‍ നല്കും.
















