ന്യൂദല്‍ഹി: ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതിയായിരിക്കെ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളെ അനാവശ്യമായി തടസ്സപ്പെടുത്തിയിരുന്ന രാഹുല്‍ ഗാന്ധിയെയും കൂട്ടരെയും തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ്. പാര്‍ലമെന്‍റ് ചേരുന്ന ദിവസങ്ങളില്‍ ഫലപ്രദമായി സമയം ചെലവഴിക്കുന്നതിന് പകരം അനാവശ്യ വിവാദമുണ്ടാക്കി സഭാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരും. ആ നാളുകളില്‍ സഭാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജഗ്ജീപ് ധന്‍കറും അതിനെതിരെ അധികപ്രസംഗം നടത്തി വാക്കൗട്ട് നടത്തുന്ന രാഹുല്‍ ഗാന്ധിയും ടിവി ചാനലുകളിലെയും പത്രങ്ങളിലെയും സ്ഥിരം കാഴ്ചയായിരുന്നു.
ജി20 വേദിയുടെ അധ്യക്ഷപദവി ഇന്ത്യയ്‌ക്ക് ലഭിച്ച സന്തോഷനാളുകളില്‍ പക്ഷെ രാഹുല്‍ ഗാന്ധി വിദേശത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഒരു ഇന്ത്യാവിരുദ്ധ എന്‍ജിഒ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുകയായിരുന്നു. ഇതില്‍ ജഗ്ധീപ് ധന്‍കര്‍ രൂക്ഷമായി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമമായ ജനാധിപത്യത്തെ വാഴ്‌ത്തുമ്പോള്‍ ചിലര്‍ വിദേശമണ്ണിലിരുന്ന് നമ്മുടെ ജനാധിപത്യത്തെ ക്രൂരമായി വിമര്‍ശിക്കുന്നത് വേദനാജനകമാണെന്ന് അന്ന് ജഗ്ധീപ് ധന്‍കര്‍ രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് പറഞ്ഞിരുന്നു.
അതുപോലെ യുഎസില്‍ പോയി മറ്റൊരു അവസരത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അധിപക്ഷേപിച്ചപ്പോള്‍ ഇന്ത്യയുടെ ഭരണഘടനയെത്തൊട്ട് രാഹുല്‍ ഗാന്ധി എടുത്ത പ്രതിജ്ഞയെ അദ്ദേഹം തന്നെ ലംഘിച്ചിരിക്കുന്നുവെന്നാണ് ജഗ്ധീപ് ധന്‍കര്‍ വിമര്‍ശിച്ചത്. ഇങ്ങിനെ എത്രയോ സന്ദര്‍ഭങ്ങളില്‍ രാഹുല്‍ ഗാന്ധിയെ ജഗ്ധീപ് ധന്‍കര്‍ വിമര്‍ശിച്ചിരിക്കുന്നു.
ജഗ്ധീപ് ധന്‍കര്‍ നല്ലൊരു അഭിഭാഷകനായിരുന്നു. നല്ലൊരു പാര്‍ലമെന്‍റേറിയനും കൂടിയായിരുന്നു. അതിനാല്‍, പ്രതിപക്ഷ അംഗങ്ങളുടെ എല്ലാ ആക്രമണങ്ങളേയും അദ്ദേഹം തച്ചുടക്കുമായിരുന്നു. ഇതില്‍ സഹികെട്ട പ്രതിപക്ഷപാര്‍ട്ടികളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി കല്യാണ്‍ ബാനര്‍ജി ജഗ്ദീപ് ധന്‍കറുടെ രാജ്യസഭയിലെ ശൈലിയെ വികൃതമായി അനുകരിച്ച് ഒരിയ്‌ക്കല്‍ പരിഹസിക്കുകയുണ്ടായി.കല്യാണ്‍ ബാനര്‍ജിയുടെ ഈ മിമിക്രി രാഹുല്‍ ഗാന്ധി മൊബൈലില്‍ പകര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതുവഴി ജഗ്ധീപ് ധന്‍കറെ അപഹസിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം.
ഇപ്പോള്‍ പൊടുന്നനെ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്നും ജഗ്ധീപ് ധന്‍കര്‍ രാജിവെച്ചൊഴിഞ്ഞതോടെ രാഹുല്‍ ഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണ്. ഉപരാഷ്‌ട്രപതിയെ കാണാനില്ലെന്ന് പറഞ്ഞ് കെ.സി. വേണുഗോപാല്‍ തന്നെ വിളിച്ചെന്നും പെട്ടെന്നൊരുനാള്‍ ഉപരാഷ്‌ട്രപതി അപ്രത്യക്ഷമായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ മുതലക്കണ്ണീര്‍. ഉപരാഷ്‌ട്രപതിയായിരുന്ന ജഗ്ധീപ് ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന് തനിക്ക് സംശയമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ദുഖം. സഭയില്‍ ഉണ്ടായിരുന്നപ്പോള്‍ അന്യോന്യം കടിച്ചുകീറുകയും ഏറെ പരിഹസിക്കുകയും ചെയ്ത വ്യക്തിയാണെന്നോര്‍ക്കണം.
പക്ഷെ ഇതിന് അമിത് ഷാ ഉറച്ച മറുപടിയും നല്‍കി. കാര്യമായി ഇന്ത്യയിലുടനീളം യാത്രകള്‍ ചെയ്തതിനാല്‍ രാഷ്‌ട്രപതിയുടെ ആരോഗ്യം മോശമായതാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണമെന്നും അല്ലാതെ പ്രതിപക്ഷ നേതാക്കള്‍ സംശയിക്കുന്നതുപോലെ ആശങ്കപ്പെടാനൊന്നുമില്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്തരീതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരിക്കുന്നുവെന്നേയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.
















