തിരുവനന്തപുരം :രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഇന്നലെ വൈകിട്ട് 3:00 മണി വരെ പറഞ്ഞ നേതാക്കള്‍ പിന്നീട് നിശബ്ദരായത് ആരുടെ ഫോണ്‍ കോള്‍ വന്നതിനുശേഷമാണ് വ്യക്തമാക്കണമെന്ന് പത്മജ വേണുഗോപാല്‍.
ഇപ്പോള്‍ കേവലം ആറുമാസത്തേക്കുള്ള സസ്‌പെന്‍ഷനു ശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഏറിയാല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ കൂടി വയ്‌ക്കും. പല അന്വേഷണ റിപ്പോര്‍ട്ടുകളും കെപിസിസി ഓഫീസിലും ചവറ്റ് കൊട്ടയിലുമായി കിടക്കുന്നുണ്ട്.
ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടി ഒന്നര വര്‍ഷം മുന്‍പ് വി.ഡി. സതീശനോട് നേരിട്ട് ദുരനുഭവം പറഞ്ഞു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് എന്താണ് വി.ഡി. സതീശന്‍ സ്വീകരിച്ച നടപടി എന്ന് വ്യക്തമാക്കണമെന്ന് പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.നിയമപരമായനടപടികളുമായി പോയിട്ടുണ്ടോ അല്ലെങ്കില്‍ കെപിസിസിയിലോ എഐസിസിയിലോ ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടോ എന്നതെല്ലാം വ്യക്തമാക്കണം. നടപടിയെടുത്തു എന്ന് പറയുമ്പോള്‍ അതേ രീതിയില്‍ എല്ലാവരും വിഴുങ്ങും എന്നാണ് വിചാരം.
ഇത്രയും വാര്‍ത്തകളും വിവാദങ്ങളും ഉണ്ടായിട്ടും രാഹുല്‍ മാങ്കൂട്ടം അനങ്ങാത്തത് അദ്ദേഹത്തിന്റെ കയ്യില്‍ പലതും ഉള്ളതുകൊണ്ടാണ്. അതൊക്കെ പുറത്തുവന്നാല്‍ പലരുടെയും തല പോകും. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടിയാണ് പല നേതാക്കളും ഇപ്പോള്‍ രാഹുലിന് സംരക്ഷണം ഒരുക്കുന്നത്.
രാഹുല്‍ എംഎല്‍എയായി തുടര്‍ന്നാല്‍ ആ ഓഫീസിലേക്ക് സ്ത്രീകള്‍ എങ്ങനെ ധൈര്യത്തോടെ കയറി ചെല്ലും. മാധ്യമങ്ങള്‍ എത്ര എഴുതിയാലും രാഹുല്‍ മാങ്കൂട്ടത്തിന് ഒന്നും സംഭവിക്കില്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആളുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞാലും പാലക്കാട് എംഎല്‍എ കേള്‍ക്കില്ല. കെ.സി. വേണുഗോപാലന്റെ ഭാര്യ പ്രതികരിച്ചിട്ട് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കേണ്ടി വന്നു. രാഹുലിനെതിരെ പ്രതികരിച്ച ഉമ തോമസിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നമ്മള്‍ കാണുന്നതാണ്. ഇതിന്റെ എല്ലാം പിന്നില്‍ രാഹുലിന്റെയും ഷാഫിയുടെയും നിയന്ത്രണത്തിലുള്ള ആളുകളാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. രാജിവയ്‌ക്കാതെ നീട്ടി നീട്ടി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി രാഹുലിനെ വിശുദ്ധന്‍ ആക്കി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. പരാതി പറഞ്ഞ പെണ്‍കുട്ടികള്‍ മോശക്കാരാകും. അവരോട് മോശമായി പെരുമാറിയ ആള്‍ വിശുദ്ധനാകും, ഇതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമായി കോണ്‍ഗ്രസ് മാറി. നേതാക്കളെ നിശബ്ദരാക്കിയ രാഹുലിന്റെ കൈയിലെ ആയുധം എന്താണെന്ന് കാലം തെളിയിക്കും. ഇപ്പോള്‍ സംഭവിച്ചത് ചെറിയ തുടക്കം മാത്രമാണ്. ഇനിയും പല വിവരങ്ങളും പുറത്തുവരാന്‍ ഉണ്ട്, പലരും വീഴും. പലതും തനിക്കും അറിയാമെന്ന് പറഞ്ഞ പത്മജ വേണുഗോപാല്‍ പരാതി ലഭിച്ചിട്ടില്ല എന്ന് ഉള്‍പ്പെടെ നേതാക്കള്‍ പറയുന്നത് കള്ളത്തരമാണെന്നും പറഞ്ഞു.രാഹുലിനെ ഭയക്കുന്നവര്‍ കേരളം മുതല്‍ അങ്ങ് ദല്‍ഹിവരെ ഉണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്ന് തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു.
















