തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി സമ്മര്‍ദം ഏറുകയാണ്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ടു.വിശ്വസിച്ച് ഒപ്പം കൂട്ടിയ യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശന്‍. നല്‍കിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്റെ സംഘത്തില്‍ വേണ്ടെന്ന നിലപാടിലേയ്‌ക്ക് പ്രതിപക്ഷ നേതാവ് മാറിയിട്ടുണ്ട്. അത് നിയമസഭയിലും പുറത്തും പാര്‍ട്ടിക്ക് എതിരാളികളെ തിരിച്ചടിക്കാനുള്ള നല്ല ആയുധമാകുമെന്നാണ് അഭിപ്രായം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയാണെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെയുളള ലൈംഗികാരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതില്‍ നിന്ന് പുറത്തു കടക്കാന്‍ എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജി കൊണ്ടേ കഴിയൂവെന്നാണ് സതീശന്‍ കരുതുന്നത്.
അതേസമയം, പാലക്കാട് മുന്‍ എം എല്‍ എയും നിലവില്‍ വടകര എം പിയുമായ ഷാഫി പറമ്പില്‍ തന്റെ അടുപ്പക്കാരനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായികരിച്ച് രംഗത്തു വന്നു. രാഹുല്‍ ആരോപണം ഉണ്ടായ ഉടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വച്ചില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
















