കണ്ണൂർ: കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയായ ജിജേഷ് മരിച്ചു. യുവതിയെ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ച ഉച്ചയ്‌ക്കായിരുന്നു കണ്ണൂർ സ്വദേശിനിയായ പ്രവീണ എന്ന വീട്ടമ്മയെ ജിജേഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ടു.
പ്രവീണയ്‌ക്ക് പുറമെ ഭർത്താവിന്റെ അച്ഛനായിരുന്നു ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുടിക്കാൻ വെള്ളം ചോദിച്ച് അകത്തുകയറിയ ജിജേഷിന്റെ പെരുമാറ്റത്തിൽ ആർക്കും സംശയമൊന്നും തോന്നിയില്ല. അടുക്കളയ്‌ക്ക് സമീപം സംസാരിച്ചിരിക്കെയാണ് ജിജേഷ് യുവതിയുടെ ദേഹത്തേക്ക് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി ആത്മഹത്യയ്‌ക്കും ജിജേഷ് ശ്രമിച്ചു.
ജിജേഷും പ്രവീണയും പരിചയക്കാരായിരുന്നു. ഇരുവരും ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.











