ന്യൂദൽഹി : പൊതുജന പരാതികൾക്കായുള്ള ജൻ സുൻവായ് പരിപാടിക്കിടെ ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് നേരെ വസതിയിൽ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ദൽഹി ബിജെപി ഘടകം. സംസ്ഥാന ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ചതായി ദൽഹി ബിജെപി ഘടകം ഒരു സന്ദേശത്തിൽ പറഞ്ഞു.
ജൻ സുൻവായ് പരിപാടിക്കിടെയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 വയസ്സിനിടയിലുള്ള ഒരാൾ മുഖ്യമന്ത്രിക്ക് ഒരു പേപ്പർ നൽകുകയും, ആക്രോശിക്കുകയും, അടിക്കുകയും, മുടിയിൽ വലിക്കുകയും, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ആക്രമണകാരിയെ കസ്റ്റഡിയിലെടുത്തതായും ദൽഹി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം രേഖ ഗുപ്തയെ പരിശോധനയ്‌ക്കായി ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചതായും അവരുടെ സുരക്ഷാ മേധാവി സംഭവത്തെ ഗുരുതരമായ ശാരീരിക ആക്രമണം എന്നാണ് വിശേഷിപ്പിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
















