ന്യൂദല്‍ഹി: മീററ്റ്-കര്‍ണാല്‍ പാതയിലുള്ള ഭൂനി ടോള്‍ പ്ലാസയില്‍ സൈനികനോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് ദേശീയപാത അതോറിറ്റി. ടോള്‍ ഏജന്‍സിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയതിന് പുറമേ സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്താനുമുള്ള നടപടികളും ആരംഭിച്ചു.
വിഷയത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസ ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
2025 ഓഗസ്റ്റ് 17-ന് ദേശീയപാത-709എയിലെ ടോൾപ്ലാസയിലാണ് സൈനികന് മോശം അനുഭവം നേരിട്ടത്. ഗോത്ക ഗ്രാമവാസിയായ കപില്‍ എന്ന സൈനികന്‍ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ജീവനക്കാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിലും ഏജന്‍സി പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ കരാര്‍ ലംഘനം കണക്കിലെടുത്ത്, ടോള്‍ പിരിക്കുന്ന ഏജന്‍സി ഉടമ ധരം സിങ്ങിന് 20 ലക്ഷം രൂപ പിഴ ചുമത്തിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു.
ദേശീയപാത അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് പിഴ ചുമത്തിയതായി വ്യക്തമാക്കിയത്. ടോള്‍ പിരിക്കുന്ന സ്ഥാപനത്തെ വിലക്കാനും ഭാവിയില്‍ ടോള്‍ പ്ലാസ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കരിമ്പട്ടികയില്‍ പെടുത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായും ദേശീയപാത അതോറിറ്റി അറിയിച്ചു.
സൈനികനും ടോള്‍ ജീവനക്കാരനും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
















