പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുത്തന്നൂർ സ്വദേശികളായ അഖില്‍, ഇയാളുടെ സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ബോംബ് കത്താത്തതിനാല്‍ വൻ ദുരന്തം ഒഴിവായി. അഖിലിന്റെ പ്രണയാഭ്യർത്ഥന പെണ്‍കുട്ടി നിരസിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് കുഴല്‍മന്ദം പോലീസ് അറിയിച്ചു. യൂട്യൂബില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ പെട്രോള്‍ ബോംബ് നിർമ്മിച്ചത്.
സംഭവ സമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ ഒരാള്‍ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
















