ബെംഗളൂരു: ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് അയച്ച നിസാര്‍ ഉപഗ്രഹത്തിന്റെ ആന്റിന വിജയകരമായി വിടര്‍ത്തി. എട്ട് മീറ്റര്‍ വീതിയുള്ള ആന്റിന പൂര്‍ണമായി വിടര്ത്തിയതായും കൃത്യമായ സ്ഥാനത്ത് ഉറപ്പിച്ചതായും എഞ്ചിനീയര്‍മാര്‍ സ്ഥിരീകരിച്ചു.
ബുധാഴ്ച വൈകീട്ട് 5.40ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി എഫ് -16 റോക്കറ്റിലേറിയായിരുന്നു നിസാറിന്റെ കുതിപ്പ്. മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കി വിക്ഷേപണത്തിന്റെ 19ാം മിനിറ്റിൽ ഭൂമിയിൽനിന്ന് 745.5 കിലോമീറ്റർ അകലെ സൗര സ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ചു.
കുടപോലെ നിവര്‍ന്ന റിഫ്ളക്ടര് ആന്റിന ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങള്‍ പകര്‍ത്തും. ഭൗമോപരിതലം, മഞ്ഞുപാളികള്‍, വനങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ കൃത്യതയോടെ നിരീക്ഷിക്കാന്‍ ഇത് ബഹിരാകാശ പേടകത്തെ പ്രാപ്തമാക്കുന്നു. ദൗത്യത്തിന്റെ മിടിക്കുന്ന ഹൃദയമാണ് റിഫ്ളക്ടറെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇതോടെ ഉപഗ്രഹം അടുത്ത ഘട്ട പരീക്ഷണങ്ങള്‍ക്ക് സജ്ജമായിക്കഴിഞ്ഞു.











