തൃശൂര്‍: കേരള സാഹിത്യ അക്കാദമി സാര്‍വദേശീയ സാഹിത്യോത്സവം രണ്ടാം പതിപ്പിന് ഈ മാസം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ഓഡിറ്റോറിയം കേരള സാഹിത്യ അക്കാദമി എം.ടി. ഓഡിറ്റോറിയം എന്ന് മുഖ്യമന്ത്രി നാമകരണം ചെയ്യും. സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍ സംഭാഷണങ്ങള്‍, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികള്‍, നാടകം തുടങ്ങി മൂന്ന് വേദികളിലായി വിവിധ പരിപാടികള്‍ അരങ്ങേറും.
കലാസാംസ്‌കാരിക പരിപാടികളടക്കം എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പലസ്തീന്‍ കവിയും പത്രപ്രവര്‍ത്തകയുമായ അസ്മാ അസൈസി, ടിബറ്റന്‍ കവിയും ആക്ടിവിസ്റ്റുമായ ടെന്‍സിന്‍ സുണ്ടു, നേപ്പാളി കവികള്‍ ഭുവന്‍ തപാലിയ, അമര്‍ ആകാശ് എന്നിവരാണ് സാഹിത്യോത്സവത്തിന്റെ ഇന്റര്‍നാഷണല്‍ പാനലിലുള്ളത്. ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന എം.എം. ബാബുരാജ് ഗാനസന്ധ്യ, തൃശൂര്‍ പഞ്ചമി തിയേറ്റേഴ്സിന്റെ നാടകം ‘പൊറാട്ട്’, തിരുവനന്തപുരം കെ. ഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ രാജീവന്‍ പണിക്കര്‍ കോയോങ്കരയും സംഘവും അവതരിപ്പിക്കുന്ന മറത്തുകളി തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. എംടിയുടെ മഞ്ഞ്, നാലുകെട്ട് എന്നീ നോവലുകളെ അടിസ്ഥാനമാക്കി തൃശൂര്‍ ഫൈന്‍ആര്‍ടസ് കോളജില്‍ മനോജ് ഡി. വൈക്കം ഒരുക്കുന്ന സാഹിത്യ ഫോട്ടോഗ്രഫി പ്രദര്‍ശനവും ഉണ്ടായിരികും.
സാഹിത്യോത്സവം 21ന് സമാപിക്കും. സാഹിത്യോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 16-ന് അവസാനിക്കും. നേരിട്ടെത്തിയും ഓണ്‍ലൈനായും പേര് രജിസ്റ്റര്‍ ചെയ്യാം. പൊതുജനങ്ങള്‍ക്ക് 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്.
















