കോണ്‍ഗ്രസ് നേതാവ് രാഹുല്‍ വലിയ കോലാഹലത്തോടെ ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനം നടത്തി വോട്ട് മോഷണത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് ഇത്രവേഗം ഇങ്ങനെയൊരു പരിണാമം ഉണ്ടാകുമെന്ന് ആരും കരുതിയില്ല. രാഹുലിന്റെ ആരോപണം കോണ്‍ഗ്രസിനെയും സ്വന്തം മാതാവിനെത്തന്നെയും തിരിഞ്ഞു കുത്തിയിരിക്കുകയാണ്. നീതിപൂര്‍വ്വവും സ്വതന്ത്രവുമായി തെരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നശിപ്പിച്ച് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അപകടപ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതാവ് ചെയ്തത്. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെട്ടതിന് ജനങ്ങളോട് പ്രതികാരം ചെയ്യുന്നതിന് തുല്യമായിരുന്നു ഇത്. കോണ്‍ഗ്രസിനെ ഭരിക്കുന്നത് നെഹ്‌റു രാജകുടുംബം ആയതിനാ
ല്‍ വിധേയന്മാരായ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ നേതാവുകൂടിയായിരുന്നിട്ടും രാഹുലിന്റെ അന്തസ്സില്ലാത്ത പെരുമാറ്റത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു.
വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്താണ് ബിജെപി തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതെന്നാണ് രാഹുല്‍ ആരോപിച്ചത്. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇങ്ങനെ ചെയ്യുന്നത് കോണ്‍ഗ്രസണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് പുറത്തുവന്നത്. രാഹുല്‍ ആരോപിക്കുന്നതു പോലെ കള്ളവോട്ടുകള്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെ കോണ്‍ഗ്രസിന് യഥാസമയം കോടതിയെ സമീപിക്കാമായിരുന്നു. അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല വളരെക്കാലം കഴിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആരോപണമുന്നയിക്കുകയായിരുന്നു അവര്‍. രേഖാമൂലം പരാതി നല്‍കിയാല്‍ പരിശോധിച്ചു നടപടിയെടുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. ഇപ്പോള്‍ രാഹുലിനോട് കമ്മിഷന്‍ വിശദീകരണം തേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാനും തിരുത്താനുമുള്ള അവകാശം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്നാണ് ബിജെപി ചോദിച്ചത്. കര്‍ണാടകയിലെ ഒരു കോണ്‍ഗ്രസ് മന്ത്രിതന്നെ ഇതേ ചോദ്യമുന്നയിച്ച് പാര്‍ട്ടിയെയും രാഹുലിനെയും വെട്ടിലാക്കി. ഈ മന്ത്രിക്ക് ഒടുവില്‍ രാജിവെക്കേണ്ടി വന്നു. ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരായ രാഹുലിന്റെ ആരോപണത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആറ്റം ബോംബ് പ്രയോഗിക്കാന്‍ പോകുകയാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ബംഗളൂരുവില്‍ രാഹുല്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തിയത്. എന്നാല്‍ അവിടെ ഉന്നയിച്ച ആരോപണങ്ങള്‍ നനഞ്ഞ പടക്കം ആയെങ്കിലും ആറ്റംബോംബ് പ്രയോഗം വെറുതെയായില്ല. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയത് ഇറ്റലിക്കാരിയായ സ്വന്തം അമ്മ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ബിജെപി പുറത്തുവിട്ടു. രാജീവിനെ വിവാഹം കഴിച്ച് ഭാരതത്തിലെത്തിയ സോണിയക്ക് 1983 ല്‍ മാത്രമാണ് പൗരത്വം ലഭിച്ചത്. എന്നാല്‍ 1980 ല്‍ സോണിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ വന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും മറുപടിയില്ല. വെറുമൊരു ക്രമക്കേട് മാത്രമല്ല സോണിയ ചെയ്തത്. രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതിനു മുന്‍പേ വോട്ടറായി മാറുകയായിരുന്നു. ഗുരുതരമായ കുറ്റമാണിതെന്ന് പറയേണ്ടതില്ല.
കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധ ചെയ്തികള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അഴിമതിയുടെ കാര്യമായാലും തെരഞ്ഞെടുപ്പ് ക്രമക്കേടായാലും രാജ്യ താത്പര്യത്തെ ഹനിക്കുന്ന നടപടികളായാലും കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാണ്. ആറ് പതിറ്റാണ്ടിലേറെക്കാലത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് ഇങ്ങനെ ചെയ്തതിന്റെ നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന കോടതി വിധിയെ തുടര്‍ന്ന്, അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരക്ക് രാജി വയ്‌ക്കേണ്ടിവന്ന ചരിത്രമുണ്ട്. ജമ്മു കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍, പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളെ ജയിച്ചതായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ ഭരണകൂടമായിരുന്നു. നവീന്‍ ചൗളയെപ്പോലുള്ളവരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി നിയമിച്ച് പാര്‍ട്ടി താല്‍പര്യം സംരക്ഷിച്ച പാരമ്പര്യവും കോണ്‍ഗ്രസിനുള്ളതാണ്. ഇങ്ങനെയൊരു പാര്‍ട്ടിയുടെ നേതാവാണ് ഈ ചരിത്രമൊക്കെ മറച്ചുപിടിച്ചുകൊണ്ട് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന്റെ തിരിച്ചടികള്‍ തുടര്‍ന്നുകൊണ്ടിരിക്കും. കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണ പരാജയത്തില്‍ ആയിരിക്കും അത് കലാശിക്കുക.
















