അങ്കമാലി : ഇരുതലമൂരിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ പിടിയിൽ. തിരുവല്ല കവിയുർ പാറയിൽ പുന്തറയിൽ ആകാശ് (22), തിരുവല്ല മാനച്ചാച്ചിറ പള്ളിക്കാമിറ്റം ജിതിൻ ( 23), തിരുവല്ല യമുനാ നഗർ ദർശനയിൽ സ്റ്റാൻ (29), തിരുവല്ല കുന്ന് ബംഗ്ലാവിൽ രഞ്ജിത് (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 2 ന് ആണ് സംഭവം. കച്ചവടത്തിലെ തർക്കം മൂലം എളവുരിൽ നിന്നാണ് യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. സംഘം പല നമ്പറുകളിൽ നിന്ന് യുവാവിന്റെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു. മൂന്ന് പവന്റെ സ്വർണ്ണമാലയും, ഫോണും, തട്ടിയെടുത്തു. അക്കൗണ്ടിലുണ്ടായ തുക ട്രാൻസ്ഫർ ചെയ്യിച്ചു. പിൻതുടർന്നതിനാൽ യുവാവിനെ മർദ്ദിച്ച് രാത്രി വൈകി തിരുവല്ലയിൽ ഉപേക്ഷിച്ചു. പിന്നീട് ഒളിവിൽ പോയി. പോലീസ് നടത്തിയ അന്വേഷണത്തിൽ പോത്തൻകോട് നിന്നാണ് പ്രതികളെ സാഹസികമായ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ രഞ്ജിത്തിന്റെ വീട്ടിൽ രണ്ട് ഇരുതല മൂരികൾ ഉണ്ടെന്ന് സമ്മതിച്ചു. റാന്നി ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അവർ ഇരുതലമുരികളെ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ ബേബി ബിജു, പ്രദീപ് കുമാർ, എ.എസ്.ഐമാരായ നവീൻ ദാസ് ,സുധീഷ് സി.പി.ഒമാരായ അജിത തിലകൻ, മുഹമ്മദ് ഷെരീഫ്, സി.പി ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















