കൊച്ചി: അദ്ധ്യയനം പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. അദ്ധ്യാപനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങുന്നതുമല്ല. അതു തിരിച്ചറിയുന്ന അദ്ധ്യാപകര്‍ അപൂര്‍വമാണിന്ന്. ആ തിരിച്ചറിവു തനിക്കുണ്ടെന്നു തെളിയിക്കുകയാണ് കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണന്‍.
കഥകളി കലാകാരി കൂടിയായ പ്രീത, നളചരിതം ആട്ടക്കഥയില്‍ നിന്നുള്ള പാഠഭാഗം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കിയത് സ്വയം കഥകളി വേഷം അണിഞ്ഞാണ്. നളചരിതം ഒന്നാം ദിവസത്തെ നളന്റെ വിചാരപ്പദവും തുടര്‍ന്ന് നളനും ഹംസവും തമ്മിലുള്ള സംവാദ രംഗവുമാണ് പത്താം തരത്തിലെ പാഠപുസ്തകത്തിലുള്ളത്. ഈ രംഗങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ടീച്ചര്‍ ഹംസത്തിന്റെ വേഷമണിഞ്ഞു. നളനായി, വനിതാ കഥകളി രംഗത്തെ പരിചയ സമ്പന്നയായ പാര്‍വതി മേനോനും അരങ്ങിലെത്തി. കലാമണ്ഡലം രാജേഷ് ബാബു, സദനം പ്രേമന്‍ (പാട്ട്), സദനം രജീഷ് (ചെണ്ട), ആര്‍എല്‍വി ജിതിന്‍ (മദ്ദളം), എരൂര്‍ മനോജ് (ചുട്ടി) എന്നിവര്‍ പശ്ചാത്തലമൊരുക്കി.
സാഹിത്യത്തിനപ്പുറം കഥാപാത്രങ്ങളിലൂടെ പഠനത്തിന് അനുഭവ സുഖംകൂടി പകര്‍ന്നു നല്‍കുകയായിരുന്നു സൃഷ്ടിപരമായ ഈ അദ്ധ്യാപന രീതിയിലൂടെ ഉദ്ദേശിച്ചത്. ഒപ്പം കഥകളി എന്ന ശാസ്ത്രീയ കലയെ പരിചയപ്പെടുത്തുകയും. കുട്ടികള്‍ അതു ശരിക്കും ആസ്വദിക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരും അദ്ധ്യാപകര്‍ അടക്കമുള്ള സഹപ്രവര്‍ത്തകരും സര്‍വാത്മനാ പിന്തുണ നല്‍കകുയും ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ മീഷയും മലയാളം അദ്ധ്യാപിക ജസ്ലി ജോണും ഉറച്ച പിന്‍ബലവുമായി ഒപ്പം നിന്നു.
ആട്ടക്കഥകള്‍ അടക്കം പാഠഭാഗങ്ങള്‍ കുട്ടികള്‍ക്കായി രംഗത്ത് അവതരിപ്പിക്കുന്ന ശൈലി മുന്‍പും പല വിദ്യാലയങ്ങളിലും നടന്നിട്ടുണ്ടെങ്കിലും അദ്ധ്യാപിക തന്നെ വേഷമണിഞ്ഞ് കുട്ടികള്‍ക്കുമുന്നിലെത്തുന്നത് മറ്റെവിടേയും ഉണ്ടായതായി അറിവില്ല. ഇവിടെ ഇതു നാലാം വര്‍ഷമാണ് ഇത്തരം അവതരണം. പത്താം ക്ലാസിലെ പാഠഭാഗമാണ് കുട്ടികള്‍ക്കായി അവതരിപ്പിച്ചത്. അതിനാല്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് അവതരണം. പ്രീതയുടെ ഈ നവീന സമീപനം വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യപാഠഭാഗത്തെ ഗൗരവത്തോടെ മനസിലാക്കാനും, കഥകളി പോലുള്ള ശാസ്ത്രീയ കലാരൂപത്തെ അറിഞ്ഞും ഉള്‍ക്കൊണ്ടും ആസ്വദിക്കാനും അവസരമൊരുക്കി. കഥകളി കലാകാരിയായി വര്‍ഷങ്ങളായുള്ള അരങ്ങു പരിചയവും അനുഭവവും അവര്‍ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു തവണ ദമയന്തിയായും ഒരു തവണ കലിയായും പ്രീത രംഗത്തെത്തിയിരുന്നു.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ഒരു കഥകളി കുടുംബത്തിലെ അംഗമായ പ്രീതയും മൂന്നു സഹോദരിമാരും, കഥകളി ആചാര്യനായ കോട്ടയ്‌ക്കല്‍ അപ്പു നമ്പൂതിരിയുടെ ശിഷ്യരാണ്. അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ കഥകളി പ്രേമിയും കളിയോഗം സൂക്ഷിപ്പുകാരനുമായിരുന്നു. 2027ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടെ കഥകളി രംഗത്തു സജീവമായി തുടരാനാണ് താത്പര്യമെന്ന് പ്രീത പറഞ്ഞു.
















