തൃശൂര്‍: സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം കൃത്രിമം കാട്ടിയെന്ന വ്യാജ ആരോപണമുന്നയിച്ചും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ സത്യം മനസിലാക്കി ബി ജെ പിയോട് അനുഭാവം പ്രകടിപ്പിച്ചതിലെ അങ്കലാപ്പിലും, കുളം കലക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രമന്ത്രിയുടെ ചേറൂരിലെ ഓഫീസിലേക്ക് സി പി എം പ്രകടനം.സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു. ബോര്‍ഡില്‍ ചെരുപ്പ് മാലയും ചാര്‍ത്തി.
പൊലീസ് ചെരുപ്പ് മാല അഴിച്ചു മാറ്റിയ ശേഷം സി പി എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തുനീക്കി. കരിയിലൊഴിച്ച പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം നേതാക്കള്‍ എത്തി മോചിപ്പിച്ചു. പ്രകടനം ബാരിക്കേഡ് ഉപയോഗിച്ച് സുരേഷ് ഗോപിയുടെ ഓഫീസിന് സമീപം പൊലീസ് തടഞ്ഞതും സി പി എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.അക്രമം കാട്ടിയ സി പി എം പ്രവര്‍ത്തകരോട് മൃദു സമീപനം കാട്ടുകയായിരുന്നു പൊലീസ്.
അതിനിടെ, സുരേഷ് ഗോപിക്കും സഹോദരനുമെതിരെ മുന്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപന്‍ വീണ്ടും പരാതി നല്‍കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ഇലക്ഷന്‍ കമ്മീഷനുമാണ് പരാതി നല്‍കിയത്. വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുവെന്നും തെറ്റായ സത്യവാംഗ്മൂലം നല്‍കിയെന്നുമാണ് പരാതി.
സുരേഷ് ഗോപി തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുമ്പ് തന്നെ തൃശൂരില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അവിടെ വീടെടുത്ത് താമസിച്ചായിരുന്നു പ്രവര്‍ത്തനം എന്നിരിക്കെയാണ് കളള പരാതിയുമായി പ്രതാപന്‍ രംഗത്തു വന്നത്. ദേശീയ തലത്തില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന വ്യാജ ആരോപണം രാഹുല്‍ ഗാന്ധി ഉയര്‍ത്തിരിക്കെയാണ് അതിന്റെ ചുവട് പിടിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 14 മാസങ്ങള്‍ക്ക് ശേഷം പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയത്.നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും രാഷ്‌ട്രീയ ലക്ഷ്യത്തോടെ വ്യാജ പരാതി നല്‍കുകയായിരുന്നു.
















