തിരുവനന്തപുരം :ആഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ നിര്‍ദേശാനുസരണം കോളേജുകള്‍ക്ക് ആദ്യം കത്തു നല്‍കിയ കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.വി.ബിജു ഇന്ന് കത്തു തിരുത്തി നല്‍കിയ ശേഷം രാജിക്കത്തു സമര്‍പ്പിച്ചു. ദിനാചരണം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 11ാം തീയതി ഡോ. ബിജു പ്രിന്‍സിപ്പല്‍മാര്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അതിശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെ ചൊവ്വാഴ്ച ഡോ.ബിജു കത്ത് തിരുത്തി നല്‍കുകയായിരുന്നു.
സര്‍ക്കുലര്‍ നടപ്പാക്കുന്ന നയം സംബന്ധിച്ച് കോളേജുകളില്‍നിന്ന് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്ന് ഡോ.ബിജു പറഞ്ഞു.വിഭജനഭീതി ദിനാചരണം സംബന്ധിച്ച സര്‍ക്കാര്‍ നയം മുഖ്യമന്ത്രി കൃത്യമായി പറഞ്ഞ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മാത്രം തീരുമാനമെടുത്താല്‍ മതിയെന്നാണ് പുതിയ കത്തില്‍ ഡോ.ബിജു ചൂണ്ടിക്കാട്ടിയത്.
കേരള സര്‍വകലാശാലയിലെ ഇടത് അധ്യാപക സംഘടനയടെ മുന്‍ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷന്‍ നേതാവുമാണ് ഡോ. ബിജു.ആദ്യ കത്ത് തിരുത്തി അയച്ച ശേഷമാണ് കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ സ്ഥാനം രാജിവയ്‌ക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ഫിസിക്സ് പ്രഫസര്‍ ആയ ഡോ.ബിജു വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് കത്തു നല്‍കിയത്.
ഗവര്‍ണറുടെ സര്‍ക്കുലര്‍ പരിഗണിച്ച് വി.സിയുടെ നിര്‍ദേശാനുസരണമാണ് ഡോ.ബിജു 11ന് എല്ലാ കോളേജുകള്‍ക്കും കത്തു നല്‍കിയത്. ക്യാമ്പസുകളില്‍ സെമിനാറുകളും ചര്‍ച്ചകളും നാടകങ്ങളും മറ്റും സംഘടിപ്പിക്കണമെന്നാണ് കോളേജുകളോടും സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റുകളോടും ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, താന്‍ അറിയാതെയാണ് പുതിയ സര്‍ക്കുലര്‍ അയച്ചതെന്നും ഏതെങ്കിലും കേന്ദ്രത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാകാം കത്തു തിരുത്തി അയച്ചതെന്നും വി.സി. ഡോ.മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചു.
















