കൊൽക്കത്ത: രക്ഷാബന്ധന്‍ ആഘോഷ നിറവിൽ പശ്ചിമബംഗാൾ രാജ്ഭവനും. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ളവർ കൊൽക്കത്ത രാജ്ഭവനിലെത്തി ഗവർണർ ഡോ സിവി ആനന്ദബോസിന് രാഖികെട്ടിയും ഉപഹാരങ്ങൾ കൈമാറിയും ആഘോഷത്തിൽ പങ്കുചേർന്നു. മുഖ്യമന്ത്രി മമതാബാനർജി മധുരപലഹാരങ്ങൾ സമ്മാനിച്ച് ഗവർണർക്കും കുടുംബത്തിനും ആശംസ അറിയിച്ചു.
ഭാരത് ജെയിൻ മഹാമണ്ഡലം വനിതാ വിഭാഗം, ഗോഖലെ റോഡ് ബന്ധൻ, ഭയഹാരിണി കാളി മന്ദിർ, ദി വേക്ക്, പ്രജാപിതാ ബ്രഹ്മ കുമാരീസ് പ്രസ്ഥാനം, മഹാനഗർ ഇന്നർവീൽ ക്ലബ്ബ് എന്നിവയുടെ പ്രതിനിധികളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരും ഗവർണർക്ക് രാഖി ബന്ധിച്ചവരിൽ ഉൾപ്പെടുന്നു. തന്നെ സന്ദർശിച്ച എല്ലാവർക്കും ഗവർണർ ഉപഹാരങ്ങൾ നൽകി ആശംസ നേർന്നു.
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ സംരക്ഷണ ബന്ധമാണിതെന്ന് ഗവർണർ ആനന്ദബോസ് പറഞ്ഞു. സഹോദരീസഹോദരന്മാർ തമ്മിലുള്ള അചഞ്ചലമായ വാത്സല്യവും വിശ്വാസവും ഇത് പ്രകടമാക്കുന്നു. രക്ഷാബന്ധന്റെ ഈ പുണ്യവേള സാഹോദര്യവികാരത്തെ ശക്തിപ്പെടുത്തുമെന്നും ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു
















