തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായ മറുപടി നല്‍കിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുലിനും പാര്‍ട്ടിക്കാര്‍ക്കും ഉത്തരം മുട്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷണം നടത്തിയെന്ന് ആരോപണമുണ്ടെങ്കില്‍ പരാതി നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി നിഷേധിക്കുകയും ചെയ്തു. കമ്മിഷന്റെ കത്തിന് രാഹുല്‍ മറുപടി നല്‍കിയിട്ടില്ലെന്നും, പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും, അതിനാല്‍ ഉദ്യോഗസ്ഥര്‍ ഈ നേതാവിന്റെ ഭീഷണികള്‍ അവഗണിക്കണമെന്നുമാണ് കമ്മിഷന്‍ പറഞ്ഞത്. ഇതോടെ കമ്മിഷനെതിരെ പൊട്ടിക്കുമെന്ന് രാഹുല്‍ പറഞ്ഞ ആറ്റംബോംബ് ഓലപ്പടക്കം പോലുമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
വ്യാജ വോട്ടര്‍മാരുടെ വലിയ തോതിലുള്ള മായാജാലം ആരോപിച്ച് രാഹുല്‍ രംഗത്തെത്തിയതിന് കൃത്യമായി പ്രതികരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് വ്യക്തമാക്കിയ കമ്മിഷന്‍, ഇത്തരം അന്ധമായ വാദങ്ങള്‍ ദിവസേന ഉയരുന്നുണ്ടെന്നും, അവ അവഗണിക്കുകയാണെന്നും പറഞ്ഞിരിക്കുന്നു.
ഇത്തരം അടിസ്ഥാന രഹിത ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിക്കുന്നു. ദിവസേന ഉയരുന്ന ഭീഷണികളെ അവഗണിച്ചുകൊണ്ട് നീതിപൂര്‍വവും സുതാര്യമായും പ്രവര്‍ത്തനം നടത്തുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിരുത്തരവാദ പ്രസ്താവനകളെ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ അയച്ച കത്തുകള്‍ക്കും ഇ മെയിലുകള്‍ക്കും മറുപടി നല്‍കാത്തത് കാപട്യമാണ്. തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ ഇതുവരെ ഔദ്യോഗികമായി ഒരുതരത്തിലുള്ള പരാതിയും സമര്‍പ്പിക്കാത്തത് കള്ളത്തരമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ രണ്ടുമാസം മുന്‍പു തന്നെ രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞതാണ്. അത് ചെയ്യാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ പ്രക്രിയയിലും ജനാധിപത്യ സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം നശിപ്പിക്കാനാണ് കോണ്‍ഗ്രസും, കോമാളിയെപ്പോലെ പെരുമാറുന്ന അതിന്റെ നേതാവും നോക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി ഒരു കത്ത് പോ
ലും അയക്കാതെ വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും, സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന കമ്മിഷന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ് രാഹുല്‍ ചെയ്യുന്നത്. എന്നാല്‍ ഈ ഭീഷണികള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വഴങ്ങില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അവഗണിച്ച് സുതാര്യമായ പ്രവര്‍ത്തനം തുടരാനാണ് കമ്മിഷന്റെ തീരുമാനം. ഇതുതന്നെയാണ് ജനാധിപത്യബോധമുള്ള പൗരന്മാര്‍ പ്രതീക്ഷിക്കുന്നതും.
ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പുറമെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വേട്ടയാടുമെന്നുമാണ് രാഹുല്‍ പറയുന്നത്. വിവരക്കേടിന് അതിരില്ലെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുള്ള ഈ നേതാവില്‍ നിന്ന് ഇതും ഇതിലപ്പുറവും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഏതു ലോകത്താണ് ഇയാള്‍ ജീവിക്കുന്നതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പരസ്പരം പറയുന്ന സ്ഥിതിയാണുള്ളത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ട് മോഷണത്തില്‍ നേരിട്ട് പങ്കെടുത്തിരിക്കുന്നതിന്റെ തെളിവുകള്‍ ഞങ്ങള്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ മേല്‍നോട്ടത്തിലുള്ളവരില്‍ നിന്ന് താഴെവരെയുള്ളവര്‍ വരെ ആരും ഒഴിവാകില്ല. ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയാണ് എന്നൊക്കെയുള്ള വാക്കുകള്‍ ഒരു രാഷ്‌ട്രീയ നേതാവില്‍ നിന്ന് ഉണ്ടാവേണ്ടതല്ല. മാധ്യമങ്ങള്‍ ഇത്തരം വിടുവായത്തത്തിന് അനാവശ്യമായ പ്രാധാന്യം നല്‍കുന്നതിനാല്‍ അപക്വമതിയായ ഈ നേതാവിന്റെ ആവേശം വര്‍ദ്ധിക്കുകയാണ്.
അടുത്ത് തന്നെ നടക്കാന്‍ പോകുന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും അതിന്റെ നേതാവിനെയും ആശങ്കപ്പെടുത്തുന്നതെന്ന് വ്യക്തം. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം അവിടെയുണ്ടെങ്കിലും ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ മാനിക്കുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിനെയും മുന്നണിയെയും ബീഹാറില്‍ കാത്തിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ അത് തെരഞ്ഞെടുപ്പ് ക്രമക്കേടു കൊണ്ടാണെന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് കോണ്‍ഗ്രസ്. അതിനാണ് നേതാവിനെ കൊണ്ട് കള്ളം പ്രചരിപ്പിക്കുന്നത്.
തുടര്‍ച്ചയായി മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് കനത്ത പരാജയം സംഭവിച്ച് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രചാരണം നയിക്കാന്‍ രാഹുലുണ്ടായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പ്രധാനമന്ത്രി കുപ്പായവും തുന്നി കാത്തിരുന്ന നേതാവ് ജനങ്ങളുടെ മുന്‍പില്‍ പരാജയത്തിന്റെ പ്രതിരൂപമായി മാറി. ഇനിയൊരു പരാജയം കൂടി താങ്ങാനാവില്ലെന്ന വേവലാതിയാണ് നേതാവിനെ താങ്ങിക്കൊണ്ട് നടക്കുന്നവര്‍ക്കുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഇക്കൂട്ടരുടെ താളത്തിന് അനുസരിച്ച് തുള്ളുന്ന കോമാളിയായി രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നതില്‍ സഹതപിക്കുകയേ നിവര്‍ത്തിയുള്ളൂ.
2029 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഉണ്ടാവുക. ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയിരിക്കുന്ന അനര്‍ഹരെ കണ്ടെത്തി പുറത്താക്കി കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് അനധികൃത വോട്ടര്‍മാരായുള്ളത്. ബംഗ്ലാദേശികള്‍ പോലും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവരെ നീക്കം ചെയ്ത് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ പിന്തുണ ആര്‍ക്കാണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഇക്കൂട്ടരുടെ പിന്തുണയോടെയാണ് ഇത്രയെങ്കിലും സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിയുന്നത്. ഈ സാഹചര്യവും കൂടി ഇല്ലാതാകുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഇതിന്റെ അനന്തരഫലമാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള ആക്രോശങ്ങള്‍. പരാജയപ്പെട്ടവരുടെ പച്ചനുണകള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കില്ല. ഈ ദേശദ്രോഹത്തിന് അവര്‍ മാപ്പുനല്‍കില്ല.
















