ന്യൂദൽഹി: ഇന്ന് കുട്ടനാട്ടിലെ കാർഷിക പാരമ്പര്യത്തിൽ ജനിച്ച് ശാസ്ത്ര വഴിയിൽ സഞ്ചരിച്ച്, ഭാരതത്തെ ഭക്ഷ്യോൽപ്പന്നത്തിന് സ്വയംപര്യാപ്തമാക്കിയ മലയാളി ശാസത്രജ്ഞൻ ഡോ.എം.എസ്. സ്വാമിനാഥന്റെ നൂറാം ജന്മദിനം. 1925 ആഗസ്ത് ഏഴിനാണ് ഡോ.മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ ജനിച്ചത്.
ഡോ.സ്വാമിനാഥനെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ പേരിൽ പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് വകുപ്പ് ഇറക്കിയ ഓർമ്മദിന സ്റ്റാമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദൽഹിയിൽ പ്രകാശനം ചെയ്തു.
രണ്ടുവർഷം മുമ്പ് 2023 സെപതംബർ 28 നാണ് ഡോ.സ്വാമിനാഥൻ അന്തരിച്ചത്. 2024 ഫെബ്രുവരിയിലാണ് രാജ്യം അദ്ദേഹത്തിന് ഭാരതരത്‌നം ബഹുമതി നൽകി ആദരിച്ചത്.
ഡോ. മങ്കൊമ്പ്.കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായിരുന്നു. മലയാളിയാണെങ്കിലും അച്ഛന്റെ ജോലിയുടെ ഭാഗമായി രക്ഷിതാക്കൾ തമിഴ്നാട്ടിലെ കുംഭകോണത്ത് ആയിരിക്കെ, 1925 ആഗസ്ത് 7ന് അവിയൊണ് ജനിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിന്റെ ആസ്ഥാനമായ മങ്കൊമ്പ് ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ തറവാട്. നാലു മക്കളിൽ രണ്ടാമത്തെയാളാണ് സ്വാമിനാഥൻ. അമ്പലപ്പുഴ രാജാവ് തഞ്ചാവൂർ കൊട്ടാരത്തിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന പണ്ഡിതശ്രേഷ്ഠനായ വെങ്കിടാചലയ്യരുടെ പിൻതലമുറക്കാരായ കൊട്ടാരം കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. ഡോക്ടർ ബിരുദം നേടിയ ഡോ. സാംബശിവൻ തമിഴ്‌നാട്ടിലെ കുംഭകോണമായിരുന്നു ആതുരസേവനത്തിനായി തിരഞ്ഞെടുത്തത്. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും അവിടെയായി. എല്ലാവർഷവും വേനലവധിക്ക് മുത്തച്ഛനായ കൃഷ്ണയ്യരുടെ അധീനതയിലുള്ള മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടിൽ ചെലവഴിക്കാൻ സ്വാമിനാഥൻ ശ്രദ്ധിച്ചിരുന്നു.
ഹരിതവിപ്ലവത്തിൻറെ പിതാവെന്ന നിലയിലേക്ക് വളർന്ന എം.എസ്.സ്വാമിനാഥൻ എന്ന കാർഷിക ശാസ്ത്രജ്ഞനെ സൃഷ്ടിക്കുന്നതിൽ ഈ കുട്ടനാടൻ കാലം ഏറെ സഹായിച്ചിട്ടുള്ളതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 11 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു, പിന്നീട് ഇളയച്ഛൻ മങ്കൊമ്പ് കൃഷ്ണ നാരായണസ്വാമിയുടെ സംരക്ഷണയിലാണ് വളർന്നത്. സ്വാമിനാഥൻ 1940ൽ തിരുവനന്തപുരത്ത് ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജിൽ പഠിച്ച് ജന്തുശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് കോയമ്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പഠിച്ചു.
കേംബ്രിഡ്ജ് സർവകലാശാലയഇൽനിന്ന് ജനിതക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി തിരികെ ഭാരതത്തിലെത്തി കാർഷിഗ ഗവേഷണ മേഖലയിലെ അത്ഭുതമായി. 2023സപ്തംബർ 28ന് ചെന്നൈയിലെ വീട്ടിൽ അന്തരിച്ചു.
ശാസ്ത്രം കണ്ടെത്തലിൽ മാത്രമല്ല, അതിന്റെ പ്രയോഗം എത്രമാത്രം ഫലവത്താണ് എന്നതാണ് പ്രധാനമെന്ന് ഒരിക്കൽ എം.എസ്. സ്വാമിനാഥൻ പറഞ്ഞിരുന്നുവെന്ന് സ്റ്റാമ്പ് പുറത്തിറക്കിയ ഡോ. എം.എസ്. സ്വാമിനാഥൻ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടം ചെയ്യുന്ന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ഇത് തെളിയിച്ചു. ഒരു ഗവേഷകൻ മാത്രമായിരുന്നില്ല; പുതിയ കൃഷിരീതികൾ സ്വീകരിക്കാൻ കർഷകരെ സജീവമായി അദ്ദേഹം പ്രചോദിപ്പിച്ചു. ഇന്നും ഭാരതത്തിന്റെ കാർഷിക മേഖലയിലുടനീളം അദ്ദേഹത്തിന്റെ സമീപനങ്ങളും ആശയങ്ങളും ദൃശ്യമാണ്. അദ്ദേഹം ശരിക്കും ഭാരതമാതാവിന്റെ രത്നമായിരുന്നു. ഭക്ഷ്യോൽപ്പാദനത്തിൽ ഭാരതത്തെ സ്വയംപര്യാപ്തമാക്കാനുള്ള പ്രസ്ഥാനത്തിന് ഡോ. എം.എസ്. സ്വാമിനാഥൻ നേതൃത്വം നൽകി. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ഹരിത വിപ്ലവത്തിനും അപ്പുറമായിരുന്നു. കൃഷിയിൽ വർദ്ധിച്ചുവരുന്ന രാസവസ്തുക്കളുടെ ഉപയോഗത്തിന്റെയും ഏകവിള കൃഷിയുടെയും അപകടങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം കർഷകരെ ബോധവാന്മാരാക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചത്, പ്രധാനമന്ത്രി പറഞ്ഞു.
















