ദേവന്മാരുടെ അനുഗ്രഹംകൊണ്ടും, ഹൃദയത്തിൽ ശ്രീരാമനെ പ്രതിഷ്ഠിച്ചിരുന്നതുകൊണ്ടും ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രം ബന്ധിച്ചപ്പോൾ വിഷാദമോ ഭയമോ ഇല്ലാതെ ഹനുമാൻ അചഞ്ചലനായി നിന്നു. സംസാരബന്ധങ്ങളെ ഇല്ലാതാക്കുന്ന, ശ്രീമഹാവിഷ്ണുപദം കൈവരിക്കാനുതകുന്ന ശ്രീരാമനാമത്തിൽ പരിപൂർണ്ണ ഭക്തിയുണ്ടായിരുന്നതുകൊണ്ട് കയർ കൊണ്ടുള്ള ബന്ധനം ഹനുമാനെ ബാധിച്ചതേയില്ല.
അവിടെ, രാവണന്റെ സഭയിൽ മന്ത്രി പ്രഹസ്തനിലൂടെ, ഹനുമാൻ എന്തിനാണ് നഗരത്തിൽ വന്ന് ഇത്രയ്‌ക്ക് നാശം വിതച്ചതെന്ന് രാവണൻ ആരാഞ്ഞു. സത്യവും ധർമ്മവും പുലർത്തുന്ന രാക്ഷസ രാജസഭയാണിതെന്നു പറഞ്ഞുകൊണ്ട് ഹനുമാന്റെ സുരക്ഷ ഉറപ്പ് നൽകി. ഹനുമാൻ രാമനെ ധ്യാനിച്ച്, താൻ രാമന്റെ ദൂതനാണെന്നും, രാവണൻ അപഹരിച്ച സീതയെ കണ്ടെത്താൻ അയക്കപ്പെട്ടവനാണെന്നും സധീരം പ്രഖ്യാപിച്ചു. പൂന്തോട്ടങ്ങൾ നശിപ്പിച്ചത് കുരങ്ങിന്റെ സ്വാഭാവികമായ കുസൃതിപ്രവൃത്തിയും, രക്ഷസനെ കൊന്നത് ആത്മരക്ഷയ്‌ക്കാണെന്നും ഹനുമാൻ ന്യായീകരിച്ചു. സാക്ഷാൽ മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ആർക്കും തന്നെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് ഹനുമാൻ അവകാശപ്പെട്ടു.
തുടർന്ന് ഹനുമാൻ രാവണന് ഹിതോപദേശം നൽകി. കാമം, ക്രോധം, മോഹം എന്നിവ ഉപേക്ഷിക്കാനും, ആത്മാവിനെ തിരിച്ചറിയാനും, മോക്ഷത്തിനായി രാമന്റെ നാമം ജപിക്കാനും ആവശ്യപ്പെട്ടു. ആത്മാവിനെ യഥാർത്ഥ സ്വരൂപമായി തിരിച്ചറിയാനും സംസാരസാഗരം കടക്കാൻ രാമനാമം ജപിക്കാനും ഹനുമാൻ രാവണനെ ഉപദേശിച്ചു. സീതാദേവിയെ അപഹരിച്ച പാപത്തിന്റെ ഫലം രാവണനെ തകർക്കുമെന്നും, എന്നാൽ രാമന്റെ കരുണയാൽ രക്ഷ നേടാൻ അവസരം ഇപ്പോഴും ലഭ്യമാണെന്നും ഹനുമാൻ അറിയിച്ചു. മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നത് ഗുരുതരമായ പാപമാണെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും രാവണൻ, ആ നല്ലവാക്കുകളൊന്നും ശ്രദ്ധിക്കാതെ, കോപാകുലനായി, ഹനുമാനെ കൊല്ലാൻ ഉത്തരവിട്ടു. പക്ഷേ, ദൂതനെ കൊല്ലുന്നത് രാജോചിതമല്ലെന്ന് പറഞ്ഞുകൊണ്ട്, വിഭീഷണൻ ഇടപെട്ട് ഹനുമാനെ വധിക്കുന്നതിൽനിന്നും രാവണനെ തടഞ്ഞു. കൊല്ലുന്നതിന് പകരം കുരങ്ങിന്റെ അഭിമാനചിഹ്നമായ വാലിൽ തീ കത്തിച്ച് അവനെ അപമാനിച്ചു പറഞ്ഞയക്കാമെന്ന് രാവണൻ നിശ്ചയിച്ചു.
ലങ്കാ ദഹനം
തീ കൊളുത്താനായി രാക്ഷസന്മാർ ഹനുമാന്റെ വാലിൽ എണ്ണയിൽ മുക്കിയ തുണികൾ ചുറ്റി. പക്ഷേ ഹനുമാന്റെ വാൽ അത്ഭുതകരമായി നീണ്ടു വളർന്നുവന്നു. അവിടെയുള്ള തുണിക്കഷണങ്ങൾ പോരാതെ വന്നു. അതിൽ നിരാശയോടെ രക്ഷസന്മാർ വാലിന് തീ കൊടുത്തു. രാത്രിയിൽ വന്ന കള്ളനാണെന്ന് വിളിച്ച് പറഞ്ഞു ചെണ്ടമേളത്തോടെ ലങ്കാനഗരത്തിലൂടെ നടത്തിക്കൊണ്ടുപോയി. നഗരത്തിന്റെ കിഴക്കേ കവാടത്തിൽ എത്തിയപ്പോൾ ഹനുമാൻ, സ്വന്തം രൂപത്തെ വളരെ ചെറുതാക്കി തന്നെ ചുറ്റിക്കെട്ടിയ കയറുകളിൽനിന്ന് രക്ഷപ്പെട്ടു പുറത്തുവന്നു. ആദ്യംതന്നെ കാവൽക്കാരെ കൊന്നു. പിന്നെ വാലിൽ കൊളുത്തിയ തീയുമായി വജ്രമണികളാൽ അലങ്കൃതമായ ഗോപുരത്തിന്റെ മുകളിലേക്ക് ചാടിക്കയറി നഗരം മുഴുവൻ കത്തിക്കാൻ തുടങ്ങി. ഹനുമാന്റെ വാലിൽനിന്നുള്ള തീജ്വാലകൾ രാജപ്രാസാദങ്ങളും രഥങ്ങളും ആയുധശാലകളും ചുട്ടുനശിപ്പിച്ചു. മൃഗങ്ങൾ ഭയഭീതരായി ഓടി. സ്ത്രീകൾ അലമുറയിട്ട് കരഞ്ഞു. “സീതാദേവിയെ അപഹരിച്ച രാവണന്റെ പാപകർമ്മങ്ങൾ തന്നെ”യാണ് ലങ്കയുടെ നാശം കൊണ്ട് വന്നതെന്ന് അവർ ഉച്ചത്തിൽ പറഞ്ഞു കരഞ്ഞു.
ഏറെ വീടുകളും രാക്ഷസൻമാരും തീയിൽ ചുട്ട് മരിച്ചെങ്കിലും, വിഭീഷണന്റെ ഭവനം അതിൽനിന്ന് രക്ഷപ്പെട്ടു. അഗ്നിദേവന്റെ കൃപകൊണ്ട് ഹനുമാനേയും രാമചിന്തയിലാണ്ടിരുന്ന സീതയേയും അഗ്നി സ്പർശിച്ചില്ല. രാമഭക്തി ഒരപ്രതിരോധവലയമായി സീതയെ സംരക്ഷിച്ചു. മടക്കയാത്രയ്‌ക്ക് മുൻപ് ഹനുമാൻ സീതയെ വീണ്ടും ചെന്ന് കണ്ടു. താൻ സ്വയം ദേവിയെ അവിടെനിന്നും രക്ഷിച്ചു തന്റെ തോളിൽ എടുത്തുകൊണ്ടുപോയി രാമന്റെ മുന്നിൽ എത്തിക്കാമെന്ന് ഹനുമാൻ സാദരം പറഞ്ഞുവെങ്കിലും സീത തന്റെ ഭര്‍ത്താവിന്റെ അഭിമാനം നിലനിർത്താനായി പോരിൽ വിജയിച്ചു വന്നു രാമന്‍ തന്നെ രക്ഷിക്കുകയാണ് ഉചിതമെന്ന് ഹനുമാനെ അറിയിച്ചു. രാമൻ ഉടൻ തന്നെ വരുമെന്നും ദേവിയെ രക്ഷിക്കുമെന്നും ഹനുമാൻ ഉറപ്പു നൽകി. സീത അനുഗ്രഹത്തോടെ ഹനുമാനു വിടപറഞ്ഞു.
ഹനുമാന്റെ മടങ്ങിവരവ്
ഹനുമാൻ ഉയർന്നു ചാടി സമുദ്രത്തിന് മുകളിലൂടെ തിരികെ പറന്നു. അക്കരയിൽ പർവ്വതശൃംഗത്തിൽ ചെന്നിറങ്ങുന്നനേരം ചെറിയൊരു ഇടിമുഴക്കം ഉണ്ടായി. ഹനുമാന്റെ വരവ് കണ്ട വാനരന്മാര്‍ ആകുലതയോടെയുള്ള അവരുടെ കാത്തിരിപ്പിന് അന്ത്യമായതറിഞ്ഞ് സന്തോഷത്തോടെ കുതിച്ചു. ഹനുമാൻ അവരെ തന്റെ ദൂത് വിജയിച്ചതായി അറിയിച്ചു. സീതയെ കണ്ടുമുട്ടിയതും രാവണനെ നേരിട്ടതും ലങ്ക കത്തിച്ചതും ഹനുമാൻ അവരോട് പറഞ്ഞു. വാനരര്‍ ആഹ്ലാദത്തോടെ സുഗ്രീവന്റെ തോട്ടത്തിൽ കയറി കാവൽക്കാരെ തള്ളിമാറ്റി യഥേഷ്ടം പഴങ്ങൾ കഴിച്ച് ഒരുത്സവം പോലെ ആഘോഷം നടത്തി. സുഗ്രീവന്‍ വനരന്മാരുടെ ആഘോഷം ഹനുമദ് ദൗത്യത്തിന്റെ വിജയസൂചനയായി കണ്ട്, ഹനുമാനെ സ്വാഗതം ചെയ്യാൻ തയ്യാറായി.
ഹനുമാൻ രാമന്റെ അടുത്തെത്തി ഭക്തിയോടെ നമസ്കരിച്ചു. അഭിമാനം നിറഞ്ഞ സ്വരത്തിൽ സ്വതവേ സമുചിതവാക്കുകൾ പറയുന്നതിൽ അതിവിദഗ്‌ദ്ധനും നയചതുരനുമായ ഹനുമാൻ പറഞ്ഞു. “സ്വാമിൻ, ലങ്കയിൽ ഞാൻ സീതാദേവിയെ കണ്ടു. ദേവിയവിടെ അശോകവനത്തിൽ ദുഃഖിച്ചു വിലപിച്ചു ദിനരാത്രങ്ങൾ എണ്ണി നീക്കി അവിടുത്തെ മാത്രം ചിന്തിച്ചുകൊണ്ട് കാത്തിരിക്കുന്നു.”
സീത നൽകിയ ചൂഡാരത്നം ഹനുമാൻ രാമന് സമർപ്പിച്ചു. രാമൻ അതിനെ ചേർത്ത് പിടിക്കവേ ദുഖവും സന്തോഷവുമൊന്നായി കണ്ണുനീരായി പുറത്തുവന്നു. എന്നാൽ പ്രതീക്ഷയുടെ പ്രകാശം ആ ദുഃഖത്തെ തെല്ലൊന്നു കുറച്ചു. സീതാരക്ഷാർത്ഥമുള്ള സ്വപ്രതിജ്ഞയുടെ അഗ്നിയിൽ രാമഹൃദയം തപിച്ചു. ഹനുമാന്റെ ധൈര്യത്തേയും ഭക്തിയേയും അഭിനന്ദിച്ച്, രാമൻ അദ്ദേഹത്തെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. “ഹനുമാനേ, ഞാനിന്നുമുതൽ നിന്നോട് കടപ്പെട്ടിരിക്കുന്നു. അജയ്യമായ സമുദ്രത്തെ നീ കടന്നിരിക്കുന്നു. നിരാശയുടെ ഇരുട്ടിൽ നീ പ്രതീക്ഷയുടെ വിളക്ക് തെളിയിച്ചിരിക്കുന്നു.”
“രാമന്റെ ആലിംഗനം ലഭിച്ച ഹനുമാൻ എത്ര ഭാഗ്യവാനാണ്” എന്നു പറഞ്ഞു പരമശിവൻ കഥാകഥനം നിർത്തവേ, രാമകഥ തുടർന്നും കേൾക്കുവാൻ പാർവതീദേവി അത്യുത്സുകതയോടെ കാത്തിരുന്നു.
















