ബെംഗളൂരു: ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ സാക്ഷിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ മഞ്ചുനാഥ ഗൗഡ സാക്ഷിയെ ഭീഷണിപ്പെടുത്തി വീഡിയോ റിക്കാര്‍ഡ് ചെയ്തെന്നാണ് പരാതി. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്പെക്ടറാണ് മഞ്ചുനാഥ ഗൗഡ. ഇയാള്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
പരിശോധനക്കിടെ ബെല്‍ത്തങ്ങാടി ക്യാമ്പിലെ അടച്ചിട്ട മുറിയില്‍ കൊണ്ടുപോയി സമ്മര്‍ദം കാരണം നല്‍കിയ പരാതിയാണെന്ന് സാക്ഷിയെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ പ്രണബ് മൊഹന്തിക്കും ആഭ്യന്തരവകുപ്പിനും സാക്ഷിയുടെ അഭിഭാഷകന്‍ പരാതി നല്‍കി.
ധര്‍മസ്ഥല കേസില്‍ എസ്ഐടി സംഘത്തിന്റെ തെളിവെടുപ്പ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഗുരുതര ആരോപണമുയര്‍ന്നത്. സാക്ഷി അടയാളപ്പെടുത്തിയ ആറാം നമ്പര്‍ സ്‌പോട്ടില്‍ നിന്ന് മൃതദേഹത്തിന്റെ 25 അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മഞ്ചുനാഥ ഗൗഡയ്‌ക്കെതിരേ കേസെടുക്കണമെന്ന് ധര്‍മസ്ഥല ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം, വെളിപ്പെടുത്തലില്‍ തെളിവുകള്‍ തേടിയുളള അന്വേഷണ സംഘത്തിന്റെ പരിശോധന അഞ്ചാം ദിവസം പൂര്‍ത്തിയാക്കി. എന്നാല്‍ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എസ്‌ഐടി സംഘം പറയുന്നു.
















