ന്യൂദല്‍ഹി: കാര്‍ഷികരംഗത്തെ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം കേരളത്തില്‍ എത്തും. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സത്വരനടപടികള്‍ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന് ഉറപ്പുനല്‍കി.
ദീര്‍ഘനാളായി സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതും കാലാവസ്ഥാ വ്യതിയാനവുമടക്കം കേരളത്തില്‍ കാര്‍ഷികരംഗത്ത് ഉണ്ടായിട്ടുള്ള പ്രതിസന്ധിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് വിദഗ്ധ സംഘം സംസ്ഥാനത്ത് എത്തുകയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങളും ആശ്വാസ ക്ഷേമനടപടികളും വരുമാന പദ്ധതികളും കണ്ടെത്തുന്നതിന് വിദഗ്ധസംഘങ്ങള്‍ ശിപാര്‍ശ നല്‍കും. കര്‍ഷകരെയും കാര്‍ഷിക ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ അധികൃതരെയും ബന്ധപ്പെട്ടവരെയും കണ്ട് സംഘങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ച് കാര്‍ഷിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ ശിപാര്‍ശകള്‍ കേന്ദ്രത്തിന് നല്‍കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, കര്‍ഷകപഠന സംഘാംഗങ്ങളായ ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് ഷാജി രാഘവന്‍ തുടങ്ങിയവര്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി, ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്, ജലശക്തി വകുപ്പുമന്ത്രി സി.ആര്‍. പാട്ടീല്‍ എന്നിവരെ കണ്ട് നിവേദനം നല്‍കിയ വേളയിലാണ് ഈ ഉറപ്പു നല്‍കിയത്.
















