ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ പരാതിക്കാരന്‍ അടയാളപ്പെടുത്തിയ സ്‌പോട്ടുകളില്‍ ഇന്നും പരിശോധന തുടരും. വെള്ളിയാഴ്ച ഏഴാം സ്‌പോട്ടില്‍ നടന്ന പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്തിയില്ല. പ്രദേശത്തെ മഴ തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ വ്യാഴാഴ്ച ആറാം നമ്പര്‍ സ്‌പോട്ടില്‍ നിന്ന് കണ്ടെത്തിയ 25 അസ്ഥിഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചിട്ടുണ്ടെന്ന് എസ്‌ഐടി സംഘം അറിയിച്ചു. ഇതില്‍ ചില അസ്ഥിഭാഗങ്ങള്‍ ആരുടേതെന്ന് തിരിച്ചറിഞ്ഞതായാണ് വിവരം. അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. സ്ഥലത്തെ ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക അഭിപ്രായമനുസരിച്ച് അസ്ഥികളില്‍ ഒന്ന് പുരുഷന്റേതാണ്.
സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 7 പോയിന്റുകള്‍ കൂടിയാണ് ഇനി പരിശോധിക്കാന്‍ ബാക്കിയുള്ളത്. ഇതില്‍ മൂന്നെണ്ണം കാടിനുള്ളില്‍ തന്നെയാണ്. നാല് പോയിന്റുകള്‍ നേത്രാവതി നദിയോട് ചേര്‍ന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്‌നാനഘട്ടത്തില്‍ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടിയിലെ സ്വകാര്യ ഭൂമിയില്‍ 2 പോയിന്റുകളുണ്ടെങ്കിലും അവിടെ കുഴിച്ച് പരിശോധിക്കാന്‍ എസ്‌ഐടിക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
അതേസമയം 2000 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കാണാതാവുകയും, മരിച്ചിട്ട് തിരിച്ചറിയപ്പെടാത്തതുമായവരുടെ രേഖകള്‍ ബെല്‍ത്തങ്ങാടി പോലിസ് നശിപ്പിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടക പോലിസ് മാനുവലില്‍, തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു അറിയിപ്പുകളും തിരിച്ചറിയല്‍ ശ്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഡിജിറ്റൈസേഷനില്ലാതെ രേഖകള്‍ നശിപ്പിച്ചത് പ്രോട്ടോക്കോളിന്റെയും ഉത്തരവാദിത്തത്തിന്റെയും ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നിയമവിദഗ്ധരും സിവില്‍ സൊസൈറ്റി സംഘടനകളും സംഭവത്തിന്റെ നിയമസാധുതയെയും ധാര്‍മികതയെയും ചോദ്യം ചെയ്തു.
















