തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലധികം കാലമായി ഭാരതീയതിന്റെ ഓര്‍മ്മകളിലെ നൊസ്റ്റാള്‍ജിയ ആയിരുന്നു രജിസ്റ്റേര്‍ഡ് തപാല്‍ സേവനങ്ങള്‍. കവറില്‍ രജിസ്റ്റേര്‍ഡ് എന്ന സീലോടെ എത്തിയിരുന്ന ചെലവേറിയ സേവനമായിരുന്നു ഇത് ഒരു കാലത്ത്. എന്നാല്‍ ലാഭകരമല്ലാത്തതിനാല്‍ രജിസ്റ്റേര്‍ഡ് തപാല്‍ സേവനം നിര്‍ത്തലാക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു.
തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം ലാഭകരമാക്കാനായി, സേവനങ്ങള്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി ലാഭകരമല്ലാത്ത ചില സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സാധാരണ രജിസ്റ്റേര്‍ഡ് തപാലിന് 26 രൂപയാണ് ഈടാക്കിയിരുന്നത്. ഇനി 32 ദിവസങ്ങള്‍ കൂടിയേ രജിസ്റ്റേര്‍ഡ് പോസ്റ്റ് എന്ന സേവനം ലഭ്യമാകൂ.
സാധാരണയായി ഒരാഴ്ചയ്‌ക്കുള്ളില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റ് ലഭിക്കും. ഇത് ലഭിച്ചു എന്ന് ഉറപ്പുവരുത്താന്‍ കഴിയും എന്നതാണ് സവിശേഷത. ബ്രിട്ടീഷുകാരാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് എന്ന സേവനം ഒരു നൂറ്റാണ്ടിന് മുന്‍പ് കൊണ്ടുവന്നത്. സാധാരണയായി ബാങ്കുകള്‍, കോടതികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പിഎസ് സി, പൊലീസ് എന്നിവര്‍ ഔദ്യോഗിക രേഖകള്‍ രജിസ്റ്റേര്‍ഡായാണ് ആയച്ചിരുന്നത്.















