ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് അറിഞ്ഞതുമുതല്‍ വിഷയത്തില്‍ ഇടപെട്ടതായും ബിജെപിയും താനും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കൂടെയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ തന്നെ ഛത്തീസ്ഗഡിലേക്ക് അയച്ചത് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ്.കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകും.
പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ള ചുമതല വഹിക്കുന്ന അനൂപ് ആന്റണി ഇപ്പോള്‍ ഛത്തീസ്ഗഡില്‍ ഉണ്ട്. ആവശ്യമുണ്ടെങ്കില്‍ താനും അങ്ങോട്ടേക്ക് പോകും.
അറസ്റ്റിലേക്ക് നയിച്ചതിന്റെ പിന്നാമ്പുറം എല്ലാവരും അറിയണം.1968ല്‍ രൂപം നല്‍കിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി ഉണ്ടായത്.ആ നിയമം സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.പ്രൈവറ്റ് റിക്രൂട്ട്‌മെന്റിനുമായി ബന്ധപ്പെട്ട് ശക്തമായ ചില നിയമങ്ങള്‍ ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.കന്യാസ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.അവിടുത്തെ ആഭ്യന്തരമന്ത്രിയുമായി നേരിട്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, പാര്‍ട്ടി അധ്യക്ഷനുമായും ആശയവിനിമയം നടത്തി.നീതിയുക്തമായി കാര്യങ്ങള്‍ നടക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു,
കോണ്‍ഗ്രസ് ഇവിടെ അവസരവാദ രാഷ്‌ട്രീയം കളിക്കുകയാണ്.ഏത് മതവിഭാഗത്തില്‍പ്പെട്ട ആളാണെങ്കിലും മലയാളിയാണെങ്കില്‍, ഇന്ത്യയില്‍ എവിടെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേരള ഘടകം അവരുടെ കൂടെ ഉണ്ടാകും.മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിസന്ധിയിലായവരുടെ അവസ്ഥയില്‍ അവസരവാദ രാഷ്‌ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്.മുനമ്പത്ത് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ അത്തരമൊരു നയം നമ്മള്‍ കണ്ടിട്ടുണ്ട്.
ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമം. കന്യാസ്ത്രീകളോടൊപ്പം ബിജെപി ഉണ്ട്.തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ നടപടികളാണ് എന്നാണ് മനസിലാക്കുന്നത്.
മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടക്കുന്നുണ്ട്. ആ പശ്ചാത്തലവും മനസിലാക്കേണ്ടതാണ്.എന്നാല്‍ ഇപ്പോഴുണ്ടായത് അത്തരമൊരു സംഭവം അല്ല.ചില തെറ്റിദ്ധാരണകളാല്‍ ഉണ്ടായ സംഭവമാണ്.ബിജെപിയുടെ പ്രഥമ പരിഗണന കന്യാസ്ത്രീകളെ കേസില്‍ നിന്ന് ഒഴിവാക്കി തിരിച്ചെത്തിക്കുക എന്നതാണ്.അതിനുശേഷം സംഭവത്തിന്റെ പിന്നില്‍ എന്താണെന്ന് പരിശോധിക്കണം.തെറ്റ് ചെയ്തത് ആരായാലും അവര്‍ക്കു ശിക്ഷ ലഭിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അറസ്റ്റിലായ കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനത്തിനോ മനുഷ്യക്കടത്തിനോ വന്നവരല്ല എന്ന കാര്യം
ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അവിടുത്തെ രാഷ്‌ട്രീയ നേതൃത്വത്തെയും താന്‍ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.ബിജെപി അതീവ ഗൗരവത്തോടെ വിഷയത്തെ കാണുന്നു.ഇത് രാഷ്‌ട്രീയവത്കരിക്കാനുള്ള താല്പര്യം ബിജെപിക്ക് ഇല്ല.തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ സംഭവം മാത്രമാണിത് അതു ഉടന്‍ പരിഹരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
വനവാസി വിഭാഗങ്ങള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തുന്നത് തടയാനാണ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയതും സഭയില്‍ പാസാക്കിയതും.നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ആദ്യം പാസാക്കിയതും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്.ഈ നിയമങ്ങള്‍ പെട്ടെന്ന് വന്നതല്ല.നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു യഥാര്‍ത്ഥ പ്രശ്‌നമായി പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നു അതും മനസിലാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇപ്പോള്‍ ഉണ്ടായത് പ്രൈവറ്റ് ഏജന്‍സി റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തതുമൂലമാണ്.
അതിനാല്‍ വന്ന ആശയക്കുഴപ്പം പ്രശ്‌നങ്ങള്‍ക്ക് കാരണമായി.കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കും വരെ അവര്‍ക്കൊപ്പം ബിജെപി ഉണ്ടാകും.എല്ലാ കാര്യങ്ങളും സഭാ നേതൃത്വത്തെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
















