ന്യൂദൽഹി : കോൺഗ്രസ് പ്രവർത്തകർ സിംഹങ്ങളെപ്പോലെയാണെന്നും, നമ്മുടെ ഗർജനം തിരികെപ്പിടിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . പാർട്ടി തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് പരിശ്രമക്കുറവ് കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പ് ക്രമക്കേട് മൂലമാണെന്നാണ് രാഹുലിന്റെ അവകാശവാദം . ഗുജറാത്തിൽ പുതുതായി നിയമിതരായ കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റുമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ പ്രസ്താവന .
“നമ്മൾ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, ചതിക്കപ്പെടുകയായിരുന്നു. അമ്പയർ നിങ്ങളെ നോ ബോളിൽ പുറത്താക്കുകയായിരുന്നു. വോട്ടർ പട്ടികയിൽ വ്യാജ വോട്ടിംഗ് നടത്തിയതും കർണാടകയിലും മഹാരാഷ്‌ട്രയിലും വ്യാജ വോട്ടിംഗ് നടന്നതും പോലെ, ഗുജറാത്തിലും വർഷങ്ങളായി ഇതുതന്നെയാണ് സംഭവിക്കുന്നത്, അതുകൊണ്ടാണ് നിങ്ങൾ തുടർച്ചയായി തോൽക്കുന്നത് .
ഗുജറാത്ത് “ബിജെപിയുടെ ഗംഗോത്രി” ആണ് . ഭരണകക്ഷിയെ അതിന്റെ ശക്തികേന്ദ്രത്തിൽ പരാജയപ്പെടുത്തണം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി നിങ്ങൾ പ്രവർത്തിക്കാൻ തുടങ്ങണം, നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കും. ആവശ്യമുള്ളിടത്തെല്ലാം നിങ്ങൾ എന്നെ വിളിക്കണം , ഞാൻ വരും. നീതിക്കുവേണ്ടിയുള്ള നിങ്ങളുടെ പോരാട്ടത്തിൽ കോൺഗ്രസ് നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾ എന്നെ വിളിച്ചാൽ ഞാൻ തീർച്ചയായും വരും‘ രാഹുൽ പറഞ്ഞു.
















