തിരുവനന്തപുരം : കേരളം ആസ്ഥാനമായ സെമികണ്ടക്ടര്‍ രംഗത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ നെട്രസെമിക്ക് 107 കോടി രൂപയുടെ സീരീസ് എ റൗണ്ട് ഫണ്ടിംഗ് ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് മുന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് സഹ മന്ത്രിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യന്‍ ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ പുതിയ മുന്നേറ്റത്തിന് നെട്രസെമി നേതൃത്വം നല്‍കുന്നതായും അവരെ അഭിനന്ദിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത്, ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (DLI) പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായത്തിനായി നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് നെട്രസെമിയെ തിരഞ്ഞെടുത്തത് താനായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സൊഹൊ കോര്‍പ്പറേഷന്‍സും യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്‌സുമാണ് നെട്രസെമിയില്‍ വലിയ നിക്ഷേപം നടത്തിയത്. ഡാറ്റകള്‍ സെര്‍വറുകളിലേക്കോ ക്ലൗഡിലേക്കോ അയക്കാതെ, ഉപകരണങ്ങളില്‍ വെച്ചുതന്നെ നിര്‍മ്മിതബുദ്ധിയുടെ (AI) സഹായത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന ചിപ്പുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്.
2020-ല്‍ ജ്യോതിസ് ഇന്ദിരാഭായി, ശ്രീജിത്ത് വര്‍മ്മ, ദീപ ഗീത എന്നിവര്‍ ചേര്‍ന്നാണ് നെട്രസെമി സ്ഥാപിച്ചത്. സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ക്കായി ഏറ്റവും മികച്ച കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്ന സിസ്റ്റം-ഓണ്‍-ചിപ്പുകള്‍ (SoCs) നിര്‍മ്മിക്കുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ച്, വീഡിയോ പ്രോസസസ്സിംഗ് പോലുള്ള സങ്കീര്‍ണമായ ജോലികള്‍ കൈകാര്യം ചെയ്യാന്‍ ഈ ചിപ്പുകള്‍ക്ക് സാധിക്കും.
പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ച സെമികോണ്‍ ഇന്ത്യയുടെ പിന്തുണ ലഭിച്ച നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് നെട്രസെമിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















