ആലപ്പുഴ : മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ്മ.ഭൗതികശരീരം വലിയ ചുടുകാട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.പാര്‍ട്ടി പ്രവര്‍ത്തകരുടെ തൊണ്ട പൊട്ടുമാറുച്ചത്തിലുളള മുദ്യാവാക്യം വിളികള്‍ക്കിടെ ഭാര്യ വസുമതിയെയും മകള്‍ ആശയെയും സാക്ഷിയാക്കി രാത്രി 9.15ഓടെ മകന്‍ വി എ അരുണ്‍കുമാര്‍ ചിതയ്‌ക്ക് തീ കൊളുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മറ്റ് പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ബി ജെ പി നേതാക്കളായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വി എസിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി.
നേരത്തേ കോരിച്ചൊരിയുന്ന മഴയത്താണ് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ദേഹം വലിയ ചുടുകാട്ടില്‍ എത്തിച്ചത്.റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജനസഹസ്രങ്ങളാണ് വി എസിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയത്. അതിന് മുമ്പ് സി പി എം ആല്ലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വലിയ ജനക്കൂട്ടമെത്തി.ഉച്ചയ്‌ക്ക് 12.15ഓടെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 2.15ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തിയത്.
തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ വിലാപയാത്രയില്‍ ജനസഹസ്രങ്ങളാണ് വിഎസിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചത്.കോരിച്ചൊരിയുന്ന മഴയിലും പ്രിയ നേതാവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് അര്‍ദ്ധരാത്രി പോലും കാത്തുനിന്നത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വരെയുളള 156 കിലോമീറ്റര്‍ താണ്ടാന്‍ 22 മണിക്കൂറാണെടുത്തത്.
















