പള്ളുരുത്തി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട സമരം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാന്‍ പോയി ഒടുവില്‍ വിഎസ് അച്ച്യുതാനന്ദന്റ യോഗ പരിശീലകനായി മാറിയ ഓര്‍മയില്‍ പള്ളുരുത്തി രുദ്ര യോഗ സെന്ററിലെ പരിശീലകനായ സുധീര്‍.
2001ല്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ് കല്ലുപ്പ് സമരവുമായി ബന്ധപ്പെട്ട് ക്ഷണിക്കാന്‍ സുധീര്‍ തിരുവനന്തപുരത്ത് എത്തുന്നത്. താന്‍ ഒരു യോഗ പരിശീലകനാണ് എന്ന് പറഞ്ഞാണ് സുധീര്‍ സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് എറണാകുളത്ത് എത്തി സമരം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞപ്പോള്‍ അച്ച്യുതാനന്ദന്‍ സുധീറിനെ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു. താന്‍ യോഗ ചെയ്യാറുണ്ടെന്നും എന്നാല്‍ വേദനക്ക് ശമനമില്ലെന്നും അദ്ദേഹം പറഞ്ഞു.
പിറ്റേദിവസം മുതല്‍ പരിശീലനം ആരംഭിക്കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ സുധീര്‍ എത്തുമ്പോള്‍ യോഗ പരിശീലനത്തിന് തയ്യാറായി നില്‍ക്കുകയായിരുന്നു അച്ച്യുതാനന്ദന്‍. അതുവരെ പുസ്തകം നോക്കി യോഗ ചെയ്തിരുന്ന അദ്ദേഹത്തിന് തന്റെ പ്രായത്തിനനുസരിച്ച യോഗ പാഠങ്ങള്‍ പരിശീലിപ്പിച്ചത് സുധീറായിരുന്നു. ഭക്ഷണ കാര്യങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ വരുത്തി, ചായ കുടിയും നിര്‍ത്തിച്ചു.
പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി അവ ശീലമാക്കിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം എത്തി സുധീര്‍ യോഗ പരിശീലനം തുടര്‍ന്നു. 2001 മുതല്‍ 2019 വരെ 18 വര്‍ഷം യോഗ പരിശീലിപ്പിച്ചു. കൊവിഡ് കാലമായതോടെയാണ് ഇത് മുടങ്ങിയത്.
പലതവണ വിഎസ് സുധീര്‍ മാസ്റ്ററുടെ വസതിയിലെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. എറണാകുളത്ത് വന്ന് കഴിഞ്ഞാല്‍ വീട്ടില്‍ ഭാര്യയുണ്ടാക്കുന്ന ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും സുധീര്‍ ഓര്‍മിക്കുന്നു.
















