ആലപ്പുഴ : കാര്‍ത്തിക പള്ളിയില്‍ തകര്‍ന്നു വീണ സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നതായിരുന്നില്ലെന്ന് പ്രധാന അദ്ധ്യാപകന്‍ ബിജു. എന്നാല്‍ പ്രധാന അദ്ധ്യാപകന്റെ വാദം തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും.
ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗമാണ് തകര്‍ന്നതെന്ന് പ്രധാന അദ്ധ്യാപകന്‍ ബിജു പറഞ്ഞു. ഈ കെട്ടിടത്തില്‍ ഒരു വര്‍ഷമായി ക്ലാസുകള്‍ നടക്കുകയോ ഓഫീസ് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ലെന്നും പ്രധാന അദ്ധ്യാപകന്‍ പറഞ്ഞു. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകളേ ആയുള്ളു.ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികള്‍ നടന്നുവരികയാണെന്നും ബിജു പറഞ്ഞു.
എന്നാല്‍ പ്രധാന അധ്യാപകനെ വിദ്യാര്‍ത്ഥികളും നാട്ടുകാരും തളളി. ക്ലാസുകള്‍ കഴിഞ്ഞ ആഴ്ച വരെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കുട്ടികളും നാട്ടുകാരും ചില രക്ഷിതാക്കളും പറഞ്ഞു.അപകടത്തിന് പിന്നാലെ ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്‌ക്കും എടുത്ത് മാറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ശക്തമായ മഴയില്‍ കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂരയാണ് ഞായറാഴ്ച രാവിലെ തകര്‍ന്ന് വീണത്. അവധി ദിവസമായതിനാല്‍ കുട്ടികളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
അപകടത്തെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി.
















