മഴക്കാലത്ത് അടുക്കളയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഈച്ച ശല്യം. പല കാരണങ്ങളാൽ മഴക്കാലത്ത് പ്രാണികളുടെയും ഈച്ചകളുടെയുമൊക്കെ ശല്യം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ, മഴക്കാലത്ത് അടുക്കളയിലെ പ്രാണികളെയും ഈച്ചകളെയും തടയാം.
കീടനാശിനികളും മറ്റ് മരുന്ന് പ്രയോഗവും അടുക്കളയിൽ നമുക്ക് അധികം പ്രയോഗിക്കാൻ പറ്റില്ല. അപ്പോൾ കുറച്ച് പ്രകൃതിദത്തമായ വഴികളിലൂടെ ഈച്ചകളേയും പ്രാണികളെയും എങ്ങനെ അകറ്റാം എന്ന് നോക്കാം. യൂക്കാലിപ്റ്റസ്, വേപ്പ്, ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള അവശ്യ എണ്ണകൾ കൊണ്ട് വീട്ടിൽ തന്നെ നിർമിച്ച് എടുക്കാവുന്ന സ്പ്രേകൾ ഉപയോഗിച്ച് ഇവയെ ഓടിക്കാവുന്നതാണ്.
ചിതലിനെയും മറ്റ് പ്രാണികളെയും അടുക്കളയിൽ നിന്നും തുരത്താൻ വഴന ഇലകൾ മികച്ചതാണ് . നിങ്ങൾ ചെയ്യേണ്ടത് കാബിനറ്റുകളുടെ മൂലയിൽ കുറച്ച് ഇലകൾ വയ്‌ക്കുക ഇതിന്റെ അധികഠിനമായ സുഗന്ധം പ്രാണികളെയും ഈച്ചകളെയും അകറ്റുമെന്ന് ഉറപ്പ്.
ഉറുമ്പുകളെയും മറ്റ് പ്രാണികളെയും തടയാൻ കറുവപ്പട്ടയും സഹായിക്കുന്നു. നിങ്ങളുടെ അടുക്കളയുടെ കോണുകളിൽ കുറച്ച് കറുവപ്പട്ട പൊടിച്ചത് വിതറിയാൽ മാത്രം മതി, അതിന്റെ ഗന്ധം പ്രാണികളെ അടുക്കളയിൽ നിന്നും പറ പറപ്പിക്കും.
കാപ്പിയുടെ ഗ്രന്ധം പ്രാണികൾക്കും ഈച്ചകൾക്കും തീരെ പിടിക്കില്ല. ഏതൊക്കെ വില്ലന്മാർ നിങ്ങളുടെ അടുക്കളയിൽ വിലസുന്നുണ്ടെങ്കിലും അവരെയൊക്കെ ഓടിക്കാൻ കുറച്ച് കാപ്പിപ്പൊടി മാത്രം മതി. നിങ്ങൾ ചെയ്യേണ്ടത് ഒരു ചെറിയ പാത്രം എടുത്ത് അതിൽ കുറച്ച് കാപ്പിപ്പൊടി ഇട്ട് അടുക്കളയുടെ ഏതെങ്കിലും മൂലയിൽ വയ്‌ക്കുക.
അടുക്കളയിൽ ഒരിക്കലും മാറ്റമില്ലാത്ത ഭീഷണി പാറ്റയാണ്. എത്രയൊക്കെ തലകുത്തി നിന്നാലും പാറ്റ പോകില്ല കാര്യം എന്താണെന്നോ ഏറ്റവും പ്രതിരോധശേഷിയുള്ള പ്രാണികളിൽ ഒന്നാണ് ഇവന്മാർ. അപ്പോൾ അവരെ ഓടിക്കാൻ, നിങ്ങൾക്ക് പതിവിലും ശക്തമായ ഒന്ന് ആവശ്യമാണ്. കുറച്ച് ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്യുക, എന്നിട്ട് നിങ്ങളുടെ അടുക്കളയുടെ കോണുകളിൽ ഈ മിശ്രിതം സൂക്ഷിക്കുക.
പുതിനയുംട രൂക്ഷ ഗന്ധം ഈച്ചകളെ ആട്ടിയോടിക്കും. പുതിനയിലയും തുളസിയിലയും വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം സ്പ്രേ കുപ്പിയിലാക്കി ഈച്ച ശല്യം ഉള്ളിടത്ത് സ്പ്രേ ചെയ്യാം.
ശർക്കരയും കുരുമുളകും വെള്ളത്തിൽ നന്നായി ലയിപ്പിച്ചെടുക്കാം. യീസ്റ്റും ചേർക്കണം. ഒരു കുപ്പിയിൽ ഒഴിച്ചിട്ട് കുപ്പിയ്‌ക്ക് ചുറ്റും ദ്വാരം ഇടാം. മധുരം ഈച്ചയെ ആകർഷിക്കും. ശേഷം ഈച്ചയുള്ളിടത്ത് വയ്‌ക്കാം. വീടിന്റെ മുഴുവൻ ഭാഗങ്ങളിലുള്ള ഈച്ചകളെ ഇത് ആകർഷിക്കുകയും അവയെ എളുപ്പത്തിൽ കൊല്ലുകയും ചെയ്യും.













