കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിശദമായ റിപ്പോര്‍ട്ട് വെളളിയാഴ്ച ലഭ്യമാകും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.കേരളത്തിന്റെ മകനാണ് മിഥുന്‍.കുട്ടിയുടെ കുടുംബത്തിന് പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.മിഥുന്റെ കുടുംബത്തിന് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കും. സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡണ്ട് പൊതുവിദ്യാഭ്യാസ മന്ത്രിയാണ്.
പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തി മന്ത്രി മിഥുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു. ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ വെളളിയാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികളില്‍ മന്ത്രി പങ്കെടുക്കില്ല.















