മുംബൈ : ചങ്കൂർ ബാബ എന്ന ജലാലുദ്ദീന്റെ മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ നടപടികളുമായി അന്വേഷണ സംഘം. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ 12 സ്ഥലങ്ങളിലും മുംബൈയിൽ 2 സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തി. വ്യാഴാഴ്ച പുലർച്ചെ 5 മണിക്കാണ് ഈ റെയ്ഡുകൾ ആരംഭിച്ചത്.
ഇഡി സംഘം ഒരേസമയം 14 സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. മതപരിവർത്തനവും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്ന് ഇഡി അറിയിച്ചു. മുംബൈയിൽ ഷെഹ്‌സാദ് ഷെയ്ഖിന്റെ രണ്ട് വസതികളിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബാന്ദ്ര ഈസ്റ്റിലെ കനകിയ പാരീസിലെ 20-ാം നിലയിലുള്ള എഫ് വിംഗ്, മാഹിം വെസ്റ്റിലെ എൽജെ റോഡിലെ പിതാംബർ ലെയ്‌നിലെ ഗബ്രിയേൽ ബിൽഡിംഗിന് സമീപമുള്ള റിസ്‌വി ഹൈറ്റ്സ് സിഎച്ച്എസിന്റെ ഫ്ലാറ്റ് നമ്പർ 502 എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റെയ്ഡിനിടെ, ബാന്ദ്രയിലെ വസതിയിൽ ഉണ്ടായിരുന്ന ഷഹസാദ് ഷെയ്‌ക്കിനെ ഇഡി സംഘം ചോദ്യം ചെയ്തുവരികയാണ്. പ്രതിയായ നവീന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഷഹസാദ് ഷെയ്‌ക്കിന്റെ അക്കൗണ്ടിലേക്ക് ഏകദേശം രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി പറയപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ റെയ്ഡുകൾ പുരോഗമിച്ചത്.
















