കോഴിക്കോട്: സ്‌കൂൾ സമയ മാറ്റം സംബന്ധിച്ച വിവാദത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി കേരള ജം ഇയ്യത്തുൽ ഉലമ മുശവറ അംഗം ഉമർ ഫൈസി മുക്കം. മുസ്‌ലീം സമുദായത്തെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കം പറഞ്ഞത്. സമൂദായത്തെ അവഗണിച്ചാൽ സർക്കാരിന് തിക്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്‌കൂളിലെ അധ്യയന സമയം വർദ്ധിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ച പ്രകാരമാണ് സർക്കാർ നിലപാട് സ്വീകരിച്ചത്. ഇതിനെയാണ് സമസ്ത ഉൾപ്പെടെ വിവിധ മുസ്ലീം സംഘടനകൾ എതിർക്കുന്നത്. അതേസമയം, സ്കൂൾ സമയമാറ്റത്തെ എതിർക്കുന്നവരുമായി ചർച്ച നടത്തുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സ്കൂൾ സമയമാറ്റം സംബന്ധിച്ച് ആശങ്ക ഉയർത്തുന്നവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സമയമാറ്റത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ചർച്ചയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.മത സംഘടനകൾ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും സമുദായ കാര്യങ്ങൾ നോക്കണമെന്നും മന്ത്രി പറഞ്ഞു. ഇതേ തുടർന്നാണ് ഉമർ ഫൈസി മുക്കം സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.
















