തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് നാല് അംഗങ്ങളെ തിരഞ്ഞെടുത്തു. തിരുവിതാംകൂര്‍ ബോര്‍ഡില്‍ പി.ഡി സന്തോഷ് കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ കെ.കെ.സുരേഷ് ബാബു, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഒ.കെ.വാസു, കെ.എന്‍ ഉദയന്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.ഇതില്‍ ഉദയന്‍ സി.പി.ഐയുടെ പ്രതിനിധിയാണ്. മറ്റു മൂന്നുപേരും സി.പി.എം പ്രതിനിധികളും.
തിരുവിതാംകൂര്‍, കൊച്ചിന്‍, ദേവസ്വം ബോര്‍ഡുകളില്‍ ഓരോ എസ്.സി/എസ്.ടി അംഗങ്ങളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ട് ജനറല്‍ അംഗങ്ങളുടെയും ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇവരെ ഹിന്ദു എം.എല്‍.എമാര്‍ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്നു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി ഇവരെ വിജയികളായി പ്രഖ്യാപിച്ചു.റിട്ടേണിംഗ് ഓഫീസറായ റിട്ട.ജില്ലാ സെഷന്‍സ് ജഡ്ജ് എം.രാജേന്ദ്രന്‍ നായര്‍ ആണ് പ്രഖ്യാപനം നടത്തിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.ഡി സന്തോഷ് കുമാര്‍ സി.പി.എം മാന്നാര്‍ ഏരിയ കമ്മിറ്റിയംഗമാണ്. പേരിശേരി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് , പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പുലിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ.കെ.സുരേഷ് ബാബു പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ലാ സെക്രട്ടറിയും കുമ്പളങ്ങി മുന്‍ പഞ്ചായത്തംഗവും സി.ഐ.ടി.യു കെട്ടിടനിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറിയുമാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ഒ.കെ വാസു മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റാണ്. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന വാസു 2014 ല്‍ സി.പി.എമ്മിലേക്ക് കൂറുമാറി.നിലവില്‍ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം. മലബാര്‍ ദേവസ്വം ബോര്‍ഡിലെ മറ്റൊരു അംഗമായ കെ.എന്‍.ഉദയന്‍ സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗമാണ്.എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: