ന്യൂദല്‍ഹി: തലസ്ഥാനനഗരിയായ ദല്‍ഹിയില്‍ റോഡില്‍ പുറത്തിറങ്ങി നടക്കുമ്പോല്‍ കാണുന്ന പതിവ് കാഴ്ചയാണ്. റോഡിന് തലങ്ങും വിലങ്ങുമായി തലയ്‌ക്ക് മുകളിലൂടെ പോകുന്ന നൂറായിരം വയറുകള്‍…ഇലക്ട്രിസിറ്റി, ടെലിഫോണ്‍, ഇന്‍റര്‍നെറ്റ്, കേബിള്‍ ടിവി……എന്നിങ്ങനെ. ഇനി ഇത് പാടില്ലെന്നും വയറുകള്‍ എല്ലാം ഭൂമിക്കടിയിലൂടെ മതിയെന്നുമുള്ള തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പൈലറ്റ് പ്രോജക്ട് ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത ഉദ്ഘാടനം ചെയ്തു.
തലയ്‌ക്കുമുകളിലൂടെ പോകുന്ന വയറുകളെല്ലാം ഇനി ഭൂമിയ്‌ക്കടിയിലൂടെ മതിയെന്ന തീരുമാനം പൈലറ്റ് പദ്ധതിയിലൂടെ നടപ്പാക്കുകയാണ് ദല്‍ഹിയില്‍. തലയ്‌ക്കുമുകളില്‍ വയറുകള്‍ ഇല്ലാത്ത ദല്‍ഹി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഒരു ആധുനിക നഗരത്തിന്റെ മുഖച്ഛായ ഇന്ത്യയുടെ തലസ്ഥാന നഗരിക്ക് കൈവരുത്തുകയാണ് ലക്ഷ്യമിടുന്നത്. “തലയ്‌ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന നൂറായിരം വയറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് അത് ഭൂമിയ്‌ക്കടിയിലൂടെ ആക്കിക്കൂടാ? ജനത്തിരക്കുള്ള ഇടുങ്ങിയ റോഡുകളില്‍ ഇത് സ്പാര്‍ക്ക് പോലുള്ള അപകടങ്ങളും ഉണ്ടാക്കുന്നു. ഈ പദ്ധതി ദല്‍ഹിയ്‌ക്കുള്ള ഒരു സമ്മാനമാണ്. ബജറ്റില്‍ ഇതിനായി 100 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. “- രേഖാശര്‍മ്മ പറഞ്ഞു. “ചില റോഡുകള്‍ രണ്ട് സ്കൂട്ടറുകള്‍ക്ക് പോലും സൈഡ് കൊടുത്ത് പോകാന്‍ കഴിയാത്ത വിധം ഇടുങ്ങിയതാണ്. അവിടെയാണ് ഭീഷണി പോലെ തലയ്‌ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന വയറുകള്‍. ഇനി ആളുകള്‍ക്ക് മുകളിലേക്ക് നോക്കിയാല്‍ നീല ആകാശം കാണാനാവും”- രേഖാ ഗുപ്ത പറഞ്ഞു.
ദല്‍ഹി എന്ന തലസ്ഥാനനഗരിയുടെ മുഖം മിനുക്കാനുള്ള ദൗത്യത്തിലാണ് രേഖാ ഗുപ്ത. ദല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ നിരവധി വികസനപദ്ധതികള്‍ ഉദ്ഘാടനം അവര്‍ ഉദ്ഘാടനം ചെയ്തു. ജനതാഫ്ലാറ്റ് ഏരിയയില്‍ നടന്ന പരിപാടിയില്‍ ദല്‍ഹിമന്ത്രിയായ അഷിഷ് സൂദും സംബന്ധിച്ചു.
ദീര്‍ഘകാലമായുള്ള അരവിന്ദ് കെജ്രിവാളിന്റെ ആപ് ഭരണത്തെ തകര്‍ത്തെറിഞ്ഞ് 2025 ഫെബ്രുവരിയിലാണ് രേഖാഗുപ്ത ദല്‍ഹി മുഖ്യമന്ത്രിയായത്. പ്രസാദാത്മകമായ മുഖപ്രസാദവുമായി ഇവര്‍ ദല്‍ഹിയിലെ ജനങ്ങളുടെ പള്‍സ് തൊട്ടറിഞ്ഞുകൊണ്ടുള്ള പരിഷ്കാരങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. നുണപ്രചാരണവുമായി ആം ആദ്മി സജീവമായി രംഗത്തുണ്ടെങ്കിലും ഫലിക്കുന്നില്ല.
















