പാലക്കാട്: അടിയന്തരാവസ്ഥാ പ്രഖ്യാപനം ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷമായിരുന്നുവെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടക്കുന്ന ബാലഗോകുലം ഉത്തരകേരളം 50-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തകസമിതി ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ക്കോ വേണ്ടി ഭരണഘടനയെ മാറ്റിയെഴുതിയ വര്‍ഷമാണത്. സോഷ്യലിസം, മതേതരത്വം എന്നൊക്കെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ചര്‍ച്ചയും ജനാധിപത്യവുമൊന്നുമില്ലാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് ബാലഗോകുലം രൂപം കൊണ്ടത്. എന്നാല്‍ പിന്നീട് അഭൂതപൂര്‍വവളര്‍ച്ചയാണ് അതിനുണ്ടായത്.
മാര്‍ക്സിസം എന്ന വിദേശ ആദര്‍ശം ഇന്ന് കേരളത്തില്‍ വ്യാപകമായി പടര്‍ന്നു പന്തലിക്കുന്നത് ആളുകളെ വിവിധ തരത്തില്‍ ബ്രെയിന്‍വാഷ് ചെയ്താണ്. അതവരുടെ പ്രവൃത്തികളില്‍ നിന്ന് മനസിലാകുന്നുണ്ടെന്നും അതും അധിനിവേശമല്ലേയെന്നും അദ്ദേഹം ചോദിച്ചു. അവരുടെ എഴുത്തുകളും, മാധ്യമങ്ങളില്‍ പറയുന്നതും, പ്രസംഗിക്കുന്നതില്‍ നിന്നും ഇതു മനസിലാക്കാന്‍ പറ്റും. ജോലിക്കു വേണ്ടി എന്ന് പറഞ്ഞ് പണിമുടക്ക് നടത്തിയവര്‍ ജോലിചെയ്യുന്നവരെ തടസപ്പെടുത്തുന്ന ‘അധിനിവേശ ആദര്‍ശം’ ഇന്നും ദുരന്തമായി നമ്മുടെ നാട്ടിലുണ്ട്. വിദേശാശയങ്ങളും ആദര്‍ശങ്ങളും ഇവിടെ പടരുന്നത് ദുരന്തങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികള്‍ നിറഞ്ഞ ലക്ഷ്യങ്ങള്‍ കുട്ടികള്‍ക്ക് ഏപ്പോഴും ഉണ്ടായാല്‍ മാത്രമേ ഉയര്‍ന്ന തലങ്ങളിലെത്തൂവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം. അത് വലുതായിരിക്കണം. എന്നാല്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയൂ. അഹന്തയും അഹങ്കാരവും പാടില്ല. കുട്ടികളില്‍ വിനയം വേണം. വായിക്കുക, അറിയുക. കുട്ടികളെ നയിക്കുമ്പോള്‍ അവര്‍ക്കെന്താണ് വേണ്ടതെന്ന് മനസിലാക്കണം.
നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് അതിനെ നേരിടാനുള്ള കരുത്തും, കാര്യശേഷിയുമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ബാലഗോകുലത്തിലൂടെ കഴിയണമെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. അതനുസരിച്ചുള്ള മാറ്റം കൊണ്ടുവരാന്‍ ബാലഗോകുലത്തിന് കഴിയണമെന്നും മറ്റുനാടുകളെക്കാള്‍ കേരളത്തിലാണ് ഇതിന്റെ ആവശ്യമുള്ളതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
ഉത്തരകേരളം അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൊതുകാര്യദര്‍ശി എം. സത്യന്‍ മാസ്റ്റര്‍, ജില്ലാ ഉപാധ്യക്ഷന്‍ ടി.എന്‍. മുരളി സംസാരിച്ചു. ആര്‍എസ്എസ് ഉത്തര പ്രാന്തപ്രചാരക് എ. വിനോദ് മാര്‍ഗനിര്‍ദേശം നല്‍കി. ഭഗിനി സഭ ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചറും, ബാലപ്രതിഭാ സംഗമം ഗായിക സൂര്യഗായത്രിയും ഗുരുവന്ദനം പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭഗിനി പ്രമുഖ സ്മിത വത്സന്‍, കെ. മുരളീകൃഷ്ണന്‍, സംഘാടകസമിതി ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സീമാജാഗരണ്‍ മഞ്ച് മുഖ്യസംയോജക് എ. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് നടക്കുന്ന പൊതുസഭ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: