Categories: News

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കാഴ്ച പരിധിക്കയ്പ്പുറം റേഞ്ചുള്ള ബിയോന്‍ഡ് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്.

Published by

ന്യൂദല്‍ഹി: ഭാരതം സ്വന്തമായി വികസിപ്പിച്ച, യുദ്ധ വിമാനങ്ങളില്‍ നിന്ന് തൊടുത്തുവിടാനും 100 കിലോമീറ്റര്‍ വരെ അകലത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ശേഷിയുള്ള അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ ചാന്ദിപ്പൂരിലെ ഇന്ററീം ടെസ്റ്റ് സെന്ററിലായിരുന്നു പരീക്ഷണം. കാഴ്ച പരിധിക്കയ്‌പ്പുറം റേഞ്ചുള്ള ബിയോന്‍ഡ് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. വ്യോമ സേനയ്‌ക്കായുള്ളതാണ് ഇത്.

പരീക്ഷണ സമയത്ത് ആളില്ലാ വ്യോമ സംവിധാനങ്ങളെ അസ്ത്ര വിജയകരമായി തകര്‍ത്തു. ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്തു കണ്ടെത്തി തകര്‍ക്കാനാകും ഇതിന്. അത്യാധുനിക ഗതി നിര്‍ണയ സംവിധാനങ്ങളാണ് ഇതില്‍. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് സഹായത്തോടെയാണ് ഡിആര്‍ഡിഒ ഇതു വികസിപ്പിച്ചത്.

-->

100 കിലോമീറ്റര്‍ കൂടുതല്‍ ദൂരപരിധിയുള്ള ഈ മിസൈലില്‍ അത്യാധുനിക മാര്‍ഗനിര്‍ദേശ, നാവിഗേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യത്യസ്ത ശ്രേണികളിലും ലക്ഷ്യങ്ങളിലും അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങള്‍ക്കെതിരെ രണ്ട് വിക്ഷേപണങ്ങള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് സാഹചര്യങ്ങളിലും മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികള്‍ക്ക് പുറമേ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഉള്‍പ്പെടെ 50ലധികം പൊതു-സ്വകാര്യ വ്യവസായങ്ങളും ആസ്ത്രയുടെ പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ട്.

തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി സീക്കറിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട സിആര്‍ഡിഒയ്‌ക്കും ഐഎഎഫിനും മറ്റ് വ്യവസായങ്ങളെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. തദ്ദേശീയമായ ഒരു സീക്കറുമായി മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ സംവിധാനത്തിലെ നിര്‍ണായകമായ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by