BJP

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഭാരതീയ ജനതാപാര്‍ട്ടി കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍വെക്കുന്ന അജണ്ട വികസിത കേരളം എന്നതാണ്. സ്ഥിരമായി വിവാദങ്ങള്‍ക്കും രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്കും സമയം ചെലവിട്ടും അക്രമസമരങ്ങള്‍ക്കും രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിട്ടും അഴിമതി നടത്തിയും രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ കടമ മറക്കുമ്പോള്‍ രാഷ്‌ട്രീയം നാടിന്റെ പുരോഗതിക്കുവേണ്ടിയുള്ളതാകണമെന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസന മുന്നേറ്റം രാജ്യത്ത് നടപ്പാക്കുമ്പോള്‍ നേരിയ അഴിമതി ആരോപണം പോലും ഉയരുന്നില്ല. ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയാകുന്ന, അവരെല്ലാം ആദരിക്കുന്ന നേതാവായി നരേന്ദ്രമോദി മാറി. വികസിത ഭാരതമെന്നതിലേക്കുള്ള രാജ്യത്തിന്റെ യാത്രക്ക് അനുദിനം വേഗത കൈവരികയാണ്. ആ സാഹചര്യത്തിലാണ് വികസിത കേരളം എന്ന മുദ്രാവാക്യവുമായി ബിജെപി കേരളത്തിലെ ജനങ്ങളിലേക്കെത്തുന്നത്. ഇനി വിവാദങ്ങള്‍ക്കായി കളയാന്‍ സമയമില്ല, വികസിത കേരളമാണ് നമ്മുടെ ലക്ഷ്യം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഓരോ ബിജെപി പ്രവര്‍ത്തകനെയും ഓര്‍മ്മിപ്പിക്കുന്നു. ഭാരതം വികസിതമാകുമ്പോള്‍ കേരളത്തിന് വേറിട്ടു നില്‍ക്കാനാകില്ല.

എന്നാല്‍ വികസിത കേരളം സാധ്യമാക്കാന്‍ ഇനിയുമേറെ കടമ്പകള്‍ താണ്ടേതുണ്ട്. കേരളം നേരിടുന്ന പ്രധാന രണ്ടു പ്രശ്‌നങ്ങളില്‍ ഒന്ന് നമ്മുടെ സംസ്ഥാനം സുരക്ഷിതമല്ലെന്നുള്ളതാണ്. തൊഴിലാളികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ തീവ്രവാദ സംഘടനകളുടെ ദക്ഷിണേന്ത്യയിലെ കേന്ദ്രം എന്നതുവരെ കേരളം നേരിടുന്ന വികസന വെല്ലുവിളികളാണ്. ഇവിടെ പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കപ്പെടുകയും സുരക്ഷിതമായി ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമരുങ്ങുകയും വേണം. അക്കാര്യത്തിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കാണ് ഏറെ ചെയ്യാനുള്ളത്.

സ്വാര്‍ത്ഥ ലാഭത്തിനും വോട്ടിനും വേണ്ടി ഭീകരതയെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മുന്നണി രാഷ്‌ട്രീയമാണ് കേരളത്തിന്റെ ശാപം. ഒരു കാലത്ത് ഇസ്ലാമിക ഭീകരരുടെ തട്ടകമായിരുന്ന കശ്മീര്‍ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് മാറുമ്പോഴാണ് ഭാരതത്തിന്റെ തെക്കേ അറ്റത്തെ തന്ത്രപ്രധാനമായ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി അതി ഗുരുതരമാകുന്നത്. നിരവധി മുന്നറിയിപ്പുകള്‍ കേരളത്തിനു നല്‍കിയെങ്കിലും പ്രീണന രാഷ്‌ട്രീയത്തിന്റെ പേരില്‍ ഇടതു വലതു മുന്നണികള്‍ അതെല്ലാം നിസ്സാരവത്കരിക്കുകയാണ്. നാലോട്ടിനുവേണ്ടി അവര്‍ രാജ്യത്തെ ഒറ്റുകൊടുക്കുന്നു.
2019ല്‍ ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിനു നേതൃത്വം നല്‍കിയ സഹറാന്‍ ഹാഷിം എന്നഭീകരന് പരിശീലനം ലഭിച്ചത് കേരളത്തിലും തമിഴ്‌നാട്ടിലുമാണെന്ന വിവരം പുറത്തുവിട്ടത് ശ്രീലങ്കയിലെ കരസേനാ മേധാവിയായിരുന്ന ലഫ്. ജനറല്‍ മഹേഷ് സേനാനായകെ ആയിരുന്നു. സഹറാന് ഹാഷിമിന്റെ സുഹൃത്തുക്കളെപ്പറ്റി അന്വേഷണം ചെന്നെത്തിയത് പാലക്കാട്, കാസര്‍ഗോഡ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പിഎഫ്‌ഐ പ്രവര്‍ത്തകരിലേക്കാണ് എന്നത് കേരളത്തിലെ ജിഹാദി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്‌ട്ര ബന്ധമാണ് സൂചിപ്പിക്കുന്നത്.

2014 മുതല്‍ മലയാളി യുവതീ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസ്, അല്‍ഖ്വയ്ദ എന്നീ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നു. ഇവരിലേറെപ്പേരും ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമുള്ള കണ്ണൂര്‍, കാസര്‍ഗോഡ് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ലൗ ജിഹാദിന്റെ മറവില്‍ ഹൈന്ദവ ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച ശേഷം അവരെയും സിറിയ ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ചാവേറുകളാക്കുന്നു.

കേരളത്തിലെ എല്ലാ രാഷ്‌ട്രീയ, പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകളിലും ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കടന്നു കയറിയിട്ടുണ്ടെന്നത് എന്‍ഐഎ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടില്ല. കേരളത്തിലെ സാമ്പത്തിക മേഖലയില്‍ സമാന്തര ശക്തിയായി ഇത്തരം തീവ്രവാദ ശക്തികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ അടിവേരുകള്‍ പാകിസ്ഥാനിലാണ് എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അരുണ്‍കുമാര്‍ സിന്‍ഹ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇസ്ലാമിക ഭീകരതയ്‌ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു എന്നു പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.

കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് വര്‍ഷങ്ങളായി പലരും ആവര്‍ത്തിച്ചപ്പോഴും അതംഗീകരിക്കാന്‍ ഇവിടുത്തെ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. ചേകന്നൂര്‍ മൗവലിയുടെ കൊലപാതകം, പ്രൊഫ.ജോസഫിന്റെ കൈവെട്ടല്‍, മലപ്പുറം ജില്ലയിലെ തീയേറ്റര്‍ കത്തിക്കല്‍, കടലുണ്ടി കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയ പൈപ്പ് ബോംബുകള്‍, വാഗമണ്‍ സിമി ക്യാമ്പ്, മാറാട് കലാപം തുടങ്ങി നിരവധിയായ ജിഹാദി പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍, പാലക്കാട്ടെ ശ്രീനിവാസന്‍ കൊലപാതകങ്ങളിലും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം വിളിയിലും വരെ അതെത്തിനില്‍ക്കുന്നു. ഇപ്പോള്‍ വിവരിച്ചതിലും അതി ഭീകരവും അതി നിഗൂഢവുമാണ് കേരളത്തിലെ ജിഹാദി തീവ്രവാദികളുടെ പ്രവര്‍ത്തനം. ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ ഇസ്ലാമികഭീകരതയുടെ നീരാളിപ്പിടുത്തം ഇനിയും തിരിച്ചറിയാത്ത, അതിനെതിരെ പ്രതികരിക്കാത്ത മലയാളി പൊതുസമൂഹവും കേരള സര്‍ക്കാരും ഇരിക്കുന്ന കൊമ്പു മുറിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

ഇടതു രാഷ്‌ട്രീയത്തിന്റെ തീവ്ര നിലപാടുകളും വികസിത കേരളത്തിലേക്കുള്ള പ്രയാണത്തിന് തടസ്സമാകുന്നുണ്ട്. കേരളത്തില്‍ പുതിയ വ്യവസായമോ സംരംഭമോ തുടങ്ങാനെത്തുന്നവര്‍ സിപിഎമ്മിന്റെ താല്പര്യത്തിനനുസരിച്ചാവണം പ്രവര്‍ത്തിക്കേണ്ടതെന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി ആത്മഹത്യ ചെയ്തവരെത്രയോപേരുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാനാകാതെ മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വം തേടിപോയവരുമുണ്ട്. കിറ്റക്‌സ് എന്ന വലിയ വ്യവസായ സ്ഥാപനത്തിന്റെ കാര്യം തന്നെ നമുക്കുമുന്നിലുണ്ട്. നോക്കുകൂലി മുതല്‍ സര്‍ക്കാര്‍ ഫയലിലെ ചുവപ്പുനാടവരെ വികസിത കേരളത്തിലേക്കുള്ള സുഗമമായ പ്രയാണത്തിന് തടസ്സമാകുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ സൃഷ്ടിക്കപ്പെടുന്ന ചുവപ്പുനാട അഴിമതി നടത്താന്‍ വേണ്ടിയാണെന്നത് ആര്‍ക്കാണറിയാത്തത്.

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നരേന്ദ്രമോദിയുടെ ഇന്ത്യ കുതിക്കുമ്പോള്‍ കേരളം അവിടേക്കെത്താന്‍ കിതയ്‌ക്കുകയാണ്. വികസിത ഭാരതത്തിനും വികസിത കേരളത്തിനും ഇപ്പോള്‍ വിലങ്ങുതടിയാകുന്നത് അരക്ഷിത കേരളമാണെന്ന് പറയാതെവയ്യ. കേരളത്തിന്റെ എല്ലാ മേഖലകളിലും തകര്‍ച്ചയും തളര്‍ച്ചയുമാണ്. പുതിയ രാഷ്‌ട്രീയ, ഭരണ സംസ്‌കാരം ഉണ്ടായാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ. നമുക്കു മുന്നിലുള്ള മാതൃക പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിനയിക്കുന്ന ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. അഴിമതിയില്ല. വികസന പദ്ധതികളുടെ മുഴുവന്‍ ഗുണവും ജനങ്ങള്‍ക്കു നേരിട്ടു ലഭിക്കുന്നു. ബിജെപി ഭരണത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സന്തോഷമനുഭവിക്കുന്നു. കര്‍ഷകരും സ്ത്രീകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തെരുവ് കച്ചവടക്കാരും വരെ സന്തുഷ്ടരാണ്. അവരുടെയെല്ലാവരുടെയും ക്ഷേമത്തിനായി പദ്ധതികളുണ്ട്. അതെല്ലാം അവരിലേക്ക് കൃത്യമായി എത്തുന്നു. ജനങ്ങള്‍ സന്തുഷ്ടരും സുരക്ഷിതരുമാകുമ്പോഴാണ് ഒരു നാട് വികസിക്കുന്നത്. കേരളത്തിനും വികസനത്തിന്റ സ്വാദറിയാന്‍ കുറുക്കു വഴികളില്ല. ജനങ്ങള്‍ സന്തുഷ്ടരാകാന്‍ ഈ ഭരണ സംവിധാനത്തില്‍ മാറ്റം വരണം.

Recent Posts