ഇസ്ലാമാബാദ് : ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം പാകിസ്ഥാനിൽ പരിഭ്രാന്തി പടർത്തിയിരിക്കുകയാണ് . ഇതിനുമുമ്പും പാകിസ്ഥാനിൽ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ബലൂചിസ്ഥാൻ പാകിസ്ഥാനെ നിരന്തരം എതിർക്കുന്നുമുണ്ട് . എന്നാൽ ഇതിനെല്ലാം ഉത്തരവാദി ഇന്ത്യയാണെന്നാണ് പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ആരോപിക്കുന്നത് . എൻഎസ്‌എ അജിത് ഡോവൽ കാരണം ഉറക്കം നഷ്ടപ്പെടുന്നുണ്ടെന്നാണ് മുനീറിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് പാകിസ്ഥാനിലെ നിരവധി സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ബലൂച് ഫ്രണ്ട് 17 സ്ഥലങ്ങളിൽ ആക്രമണം നടത്തുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഈ ആക്രമണത്തിന് അവർ ‘ഓപ്പറേഷൻ ബാം’ എന്നാണ് പേരിട്ടത്. ആക്രമണത്തിന് പിന്നിലും ഇന്ത്യയാണെന്നാണ് അസിം മുനീർ പറയുന്നത് .
ഇന്ത്യ നിഴൽ യുദ്ധം നടത്തുകയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അസിം മുനീർ അവകാശപ്പെട്ടു. “അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത്. ഇന്ത്യ ഈ തീവ്രവാദ സംഘടനകളെ സഹായിക്കുന്നു. പാകിസ്ഥാനുമായി നിഴൽ യുദ്ധം നടത്തുകയാണ്. അവർ പാകിസ്ഥാനിലെ സ്ഥിതി കൂടുതൽ വഷളാക്കാൻ ശ്രമിക്കുകയാണ് . പാകിസ്ഥാനെ തകർക്കാൻ ശ്രമിക്കുകയാണ് ” എന്നാണ് മുനീർ പറയുന്നത്.
പഞ്ച്ഗുർ, സുർബ്, കെച്ച്, ഖരൻ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: