ഝാന്‍സി: വീരാംഗന ഝാന്‍സി റാണി റെയില്‍വേ സ്‌റ്റേഷനില്‍ പ്രസവവേദനയാല്‍ പുളഞ്ഞ യുവതിക്ക് രക്ഷകനായി കരസേനാ മേജര്‍. തിടുക്കത്തില്‍ മുണ്ട് മറച്ച് പ്രസവ മുറിയുണ്ടാക്കിയ കരസേനയിലെ ഡോക്ടറായ, മേജര്‍ രോഹിത് ബച്ചാവാല യുവതിയുടെ പ്രസവമെടുത്തു. കത്തിയും െഹയര്‍ പിന്നും ഉപയോഗിച്ച് പൊക്കിള്‍ കൊടി വേര്‍പെടുത്തിയ അദ്ദേഹം മറ്റു സൗകര്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ പ്രസവമെടുത്തു. അങ്ങനെ രണ്ടു ജീവനുകളെയാണ് ബച്ചാവാല രക്ഷിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. റെയില്‍വേയിലെ ജീവനക്കാരികള്‍ അദ്ദേഹത്തിന് സഹായികളായി.
അഷ്‌വര്‍ഫലാക് ഖുറേഷിയെന്ന യുവതിക്ക് രക്ഷകനായ കരസേന മേജര്‍ രോഹിത് ബച്ച്‌വാല (31) യെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ആദരിച്ചു, അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മന:സാന്നിധ്യത്തിനും നിസ്വാര്‍ഥ സേവനത്തിനുമായിരുന്നു ആദരം.

ഝാന്‍സി സൈനിക ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ രോഹിത് ജന്മനാടായ ഹൈദരാബാദിലേക്ക് ഒരു മാസത്തെ അവധിക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണിയെ കണ്ടത്. ലിഫ്റ്റിന് സമീപം വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ നിലയിലായിരുന്നു യുവതി. അടിയന്തര ഇടപെടലിന്റെ ആവശ്യകത മനസിലാക്കിയ അദ്ദേഹം ശസ്ത്രക്രിയ ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ പ്രസവമെടുക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അഷ്‌വര്‍ഫലാക് ഖുറേഷി ഭര്‍ത്താവ് മുഹമ്മദ് ഖുറേഷിക്കും മകനും ഒപ്പം പനവേല്‍ ഗോരഖ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ മുഹമ്മദ് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു. അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇവര്‍ ഝാന്‍സിയില്‍ ഇറങ്ങി. വീല്‍ചെയറില്‍ ഇരുത്തി അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടുേപാകാന്‍ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും പ്രസവവേദന കലശലായി. വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയകറ്റാന്‍ ശ്രമിക്കുമ്പോഴാണ് രോഹിത് ഇതു കണ്ടതും ക്ഷണനേരം കൊണ്ട് പ്രസവമുറിയൊരുക്കി പ്രസവമെടുത്തതും. വനിതയായ ചീഫ് ടിടിഇ ലില്ലി കുഷ്‌വായും ഗ്‌ളൗസുമണിഞ്ഞ് സഹായത്തിനെത്തി. പ്രസവശേഷം അമ്മയേയും കുഞ്ഞിനെയും അടുത്ത ആശുപത്രിയിലേക്ക് മാറ്റി.
സമൂഹ മാധ്യമങ്ങളിലും ഒരുപാടുപേര്‍ രോഹിത്തിന് പ്രശംസയുമായി എത്തിയിട്ടുണ്ട്.











