തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദന്‍. സമരത്തിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സര്‍വകലാശാലയിലെ ആര്‍.എസ്.എസിന്റ തീട്ടൂരം വെച്ച് പൊറുപ്പിക്കില്ലെന്നും കേരള സര്‍വകലാശാല ആസ്ഥാനത്തെത്തിയ എം.വി ഗേവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എല്ലാവർക്കും ജനാധിപത്യപരമായി പ്രവർത്തിക്കാൻ സാധിക്കണം. തോന്ന്യവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. വിദ്യാർഥികളുടെ സമരം ശക്തമായി തുടരുമെന്നും ഗോവിന്ദൻ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ആ സമരത്തിന്റെ ഭാഗമായിട്ടാണ് സര്‍വകലാശാല ആസ്ഥാനത്തേക്ക് പോയതെന്നും അവര്‍ ചേംബറില്‍ കയറുമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എഫ്.ഐ സെക്രട്ടറി പി.എസ് സഞ്ജീവിനെയടക്കം അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പുറത്തുണ്ട്. സമരം ഇനിയും ശക്തമായി തുടരും. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സിലര്‍ക്കും പ്രൊ വൈസ് ചാന്‍സിലര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















