തിരുവനന്തപുരം/കോഴിക്കോട്/കണ്ണൂർ : സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ പ്രവർത്തകർ. കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തും പോലീസ് ഒത്താശയോടെ സർവകലാശാല വളപ്പിൽ കയറിയ പ്രതിഷേധക്കാർ വൈസ് ചാൻസലറുടെ ചേമ്പറിന് മുന്നിലേക്ക് എത്തുകയായിരുന്നു.
സമീപകാലത്തൊന്നും കാണിച്ചിട്ടില്ലാത്ത സംയമനമാണ് പോലീസ് കാണിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ പ്രധാന കവാടം തള്ളി തുറക്കാൻ ശ്രമിച്ചിട്ടും പോലീസ് നോക്കി നിൽക്കുകയായിരുന്നു. കേരള സർവകലാശാലയുടെ പ്രധാന ഓഫീസുകളിൽ എസ് എഫ് ഐ പ്രവർത്തകർ തള്ളിക്കയറിയിട്ടും അവരെ തടയാൻ പോലീസ് ശ്രമിച്ചില്ല.
മണിക്കൂ റുകൾ കഴിഞ്ഞിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാനോ, അവരെ അ റസ്റ്റ് ചെയ്ത് നീക്കാൻ പോലീസോ തയാറായില്ല. പോലീസിനു നേരെയും പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന കാഴ്ചയും ഉണ്ടായി.
കാലിക്കറ്റ് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചുവെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പോലീസ് സംഘവും പ്രവർത്തകർക്ക് ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.
















