പത്തനംതിട്ട: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശനം ഉയര്‍ത്തിയ ലോക്കല്‍, ഏരിയ നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം.
വിഷയത്തില്‍ രണ്ട് പേരുടെ വിശദീകരണം രേഖാമൂലം വാങ്ങാന്‍ സെക്രട്ടറിയെ ജില്ലാ സെക്രേട്ടറിയറ്റ് ചുമതലപ്പെടുത്തി. നേതാക്കളുടെ വിമര്‍ശനം വലിയ മാനക്കേടാണ് പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനും ഉണ്ടാക്കിയതെന്നും മാധ്യമങ്ങള്‍ പരാമര്‍ശങ്ങളെ അവസരോചിതമായി ഉപയോഗിച്ചെന്നും ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. മന്ത്രിക്കെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ ഏതുവിധത്തിലും നേരിടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ ചില നിലപാടുകള്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്നുവെന്ന വിമര്‍ശനം ചില മുതിര്‍ന്ന അംഗങ്ങള്‍ യോഗത്തില്‍ ഉയര്‍ത്തി. പഞ്ചായത്തു തലത്തില്‍ വിശദീകരണ യോഗം നടത്തി മന്ത്രിയെ രക്ഷിച്ചെടുക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
അച്ചടക്കലംഘനം നടത്തിയ നേതാക്കള്‍ക്ക് കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. സിപിഎം ഇലന്തൂര്‍ എല്‍സി അംഗം ജോണ്‍സണ്‍ പി.ജെ, സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍. രാജീവ് എന്നിവരാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം. കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു ജോണ്‍സണ്‍ പി.ജെ. പോസ്റ്റിട്ടത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും എല്‍സി അംഗം തുറന്നടിച്ചിരുന്നു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍.
മെഡി. കോളജ് ദുരന്തദിവസം മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍. രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവിന്റെ പരിഹാസം.
















