വി.വി
വ്യത്യസ്തമായ രചനാശൈലിയാല്‍ മലയാള നോവല്‍ സാഹിത്യത്തില്‍ ഇടം പിടിച്ച കൃതിയാണ് കൃഷ്ണകുമാര്‍ ടി.കെ. കൈപ്പട്ടൂരിന്റെ അരുണിമ എന്ന നോവല്‍. പ്രണയവും വിരഹവും ആത്മസംഘര്‍ഷങ്ങളും എല്ലാം നിറഞ്ഞ ജീവിത പരിസരങ്ങളെയാണ് ഇതില്‍ നോവലിസ്റ്റ് വരച്ചു ചേര്‍ത്തിരിക്കുന്നത്. അരുണിമ എന്ന പ്രണയിനിയിലേക്കുള്ള അരുണിന്റെ സഞ്ചാരമാണ് ആദ്യ ഭാഗം. 18 അധ്യായങ്ങളിലായി അരുണിന്റെ അന്വേഷണം വായനക്കാരിലേക്ക് എത്തുന്നു.
ചെറു അധ്യായങ്ങളിലൂടെയാണ് നോവലിസ്റ്റ് ഈ സഞ്ചാരം കുറിച്ചിടുന്നത്. പാലക്കാട്ടുകാരനായ അരുണ്‍ എന്ന യുവാവ് സൈക്കിളില്‍ സഞ്ചാരം നടത്തുകയും ഇരാവതിയുടെ തീരത്തു വച്ച് കണ്ടുമുട്ടുന്ന അരുണിമയോട് ആദ്യ കാഴ്ചയില്‍ തന്നെ തോന്നുന്ന അനുരാഗവും പിന്നീട് അവളെ തേടിയുള്ള അന്വേഷണവുമാണ് അരുണിമയുടെ ഇതിവൃത്തം. മ്യാന്‍മറിലെ യുദ്ധഭൂമിയില്‍ വിശുദ്ധമായ പ്രണയത്തിന്റെ വേരുകള്‍ തേടി സഞ്ചരിക്കുന്ന അരുണിന്റെ ഭൂതവര്‍ത്തമാന കാലങ്ങളുടെ ആഴത്തിലുള്ള അടയാളപ്പെടുത്തലാണിത്. വനഭൂമിയുടെ വന്യതയും കലാപങ്ങളുടെ ആര്‍ത്തനാദങ്ങളും കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ വിഹ്വലതകളുമെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. ഒടുവില്‍ തന്റെ പ്രിയപ്പെട്ടവളെ കണ്ടുമുട്ടുമ്പോള്‍ സര്‍വ്വതും നഷ്ടമായ അവള്‍ അവന്റെ ജീവിതത്തിലേക്ക് ചേരാന്‍ വിസമ്മതിക്കുകയും അവളുടെ പ്രാണനെ അവനെ ഏല്‍പ്പിക്കുകയും ചെയ്തുകൊണ്ട് അരുണിമ പ്രതീക്ഷയുടെ ഒരിത്തിരി വെട്ടം അരുണിന് പകരുന്നുണ്ട്. പ്രണയം സത്യമാണെങ്കില്‍ ഒരിക്കല്‍ തേടിവരുമെന്ന അരുണിമയുടെ വാക്കുകളാണ് പിന്നീട് അരുണിനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വരികള്‍ക്കിടയിലൂടെ വായിക്കാം. രണ്ട് രാജ്യങ്ങളുടെ അതിര്‍വരമ്പുകളാല്‍ വിഭജിക്കപ്പെട്ട രണ്ടുമനസ്സുകള്‍ ഈ നോവലില്‍ നമുക്ക് കാണാം.
രണ്ടാം ഭാഗമായ പുകവീണ രാത്രികള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സംഘര്‍ഷഭരിതമായ ജീവിതം പറയുന്നു. അധികം ദൈര്‍ഘ്യമില്ലാത്ത ഈ നോവലിന്റെ ആഖ്യാന ശൈലി ലളിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: