മട്ടാഞ്ചേരി: കേരള തീരത്ത് ബേപ്പുരിന് സമീപം അഗ്‌നിബാധയുണ്ടായ വാന്‍ ഹായ് 503 ചരക്ക് കപ്പലില്‍ വീണ്ടും അഗ്‌നിബാധ. കപ്പലിലെ ഇന്ധന ടാങ്കിന് സമീപമാണ് തീപ്പിടിത്തമെന്നതാണ് ആശങ്കയുണര്‍ത്തുന്നത്. കപ്പലിനകത്ത് പ്രവര്‍ത്തിച്ചിരുന്ന രക്ഷാദൗത്യസംഘം തത്കാലം പിന്മാറി. തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി തുറമുഖങ്ങളിലേക്ക് നീക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. കപ്പല്‍ മുങ്ങി താഴുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തീപടര്‍ന്നതോടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ദൗത്യസംഘം ചുണ്ടിക്കാട്ടുന്നത്. കപ്പലിലെ എന്‍ജിന്‍ റൂമില്‍ നിന്ന് വെള്ളം പമ്പു ചെയുന്നതിനിടയിലാണ് ഇന്ധന ടാങ്കിന് സമീപം വീണ്ടും തീപ്പിടിത്തമുണ്ടായത്. ഇതോടെ കപ്പലിനകത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തേയ്‌ക്ക് കടന്നു. കപ്പലിനകത്ത് സ്‌ഫോടന സ്വഭാവമുള്ള അമോണിയം നൈട്രേറ്റും രാസവസ്തുക്കളുമുണ്ട്. 1658 കണ്ടെയ്‌നറുകളില്‍ 157 കണ്ടെയ്‌നറുകളിലുള്ള രാസവസ്തുക്കളുടെ വിവരമാണ് ഇതിനകം കമ്പനിയധികൃതര്‍ വെളിപ്പെടുത്തിയത്.
ജനറല്‍ കാര്‍ഗോയിനത്തിലെ 258 കണ്ടെയ്‌നറുകളിലെ ചരക്ക് വിവരം ഒരു മാസം പിന്നിട്ടിട്ടും കപ്പല്‍ കമ്പനിയധികൃതര്‍ വെളിപ്പെടുത്താന്‍ തയാറാകാത്തത് വന്‍ ആശങ്കയാണുയര്‍ത്തുന്നത്. കപ്പല്‍ തകര്‍ക്കാന്‍ സാധ്യതയുള്ള സ്‌ഫോടന ചരക്കായി വരെ ഇതിനെ ചുണ്ടിക്കാട്ടുന്നുണ്ട്. കപ്പലില്‍ വീണ്ടും അഗ്‌നി പടര്‍ന്നതോടെ വടം കെട്ടി ടഗ്ഗുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പല്‍ കെട്ടി മാറ്റാന്‍ ശ്രമം നടത്തിയ കൊളംബോ, ദുബായ്, ബഹ്‌റെന്‍ തുറമുഖങ്ങള്‍ പിന്മാറിയതും ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ വിഭാഗത്തെയും കപ്പല്‍ കമ്പനിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ജൂണ്‍ 9 ന് തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെ അഗ്‌നിബാധയുണ്ടായ വാന്‍ ഹായ് 503 ഒരു ഘട്ടത്തില്‍ തീരത്തിന് 38 നോട്ടിക്കല്‍ മൈല്‍ വരെയെത്തിയിരുന്നു. നാവികസേനയും തീരരക്ഷാസേനയും വായുസേനയും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് കപ്പലിനെ പുറംകടലിലെത്തിച്ചത്. വാന്‍ ഹായ് 503 കപ്പലിനെതിരെ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദഗതിയിലാണ്. കപ്പലിന്റെ വിഡിആര്‍ പരിശോധന നടക്കുകയാണ്. കപ്പലില്‍ നിന്ന് കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: