ബ്യൂണസ് അയേഴ്‌സ് : പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീന പ്രസിഡന്റ് ജാവിയർ മിലേയുമായി പ്രതിനിധിതല ചർച്ചകൾ നടത്തി. കൂടിക്കാഴ്ചയെ ഏറെ മികച്ചത് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കൂടാതെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
“അർജന്റീന പ്രസിഡന്റ് ജാവിയർ മിലേയുമായുള്ള കൂടിക്കാഴ്ച മികച്ചതാണ്. ഇന്ത്യയും അർജന്റീനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 വർഷവും നമ്മുടെ ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിന്റെ 5 വർഷവും ഞങ്ങൾ ആഘോഷിക്കുന്നു. ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ഞങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചു, മുന്നോട്ടുള്ള പാത കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് ഞങ്ങൾ ഇരുവരും സമ്മതിക്കുന്നു.” – എക്‌സിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും നിലവിലുള്ള സഹകരണം അവലോകനം ചെയ്യുകയും കൂടുതൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഭാവിയിൽ സഹകരണത്തിന് ഇതിലും വലിയ വാഗ്ദാനങ്ങളുണ്ടെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
പ്രധാനമായും വാണിജ്യ ബന്ധങ്ങൾ വൈവിധ്യവത്കരിക്കാനും കൃഷി, പ്രതിരോധം, സുരക്ഷ, ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം എങ്ങനെ മികച്ചതാക്കാമെന്നും പ്രസിഡന്റ് മിലേയും താനും ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഫാർമസ്യൂട്ടിക്കൽസ്, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ വിപുലമായ സഹകരണത്തിനും സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇതിനു പുറമെ കൃഷി, പ്രതിരോധം, ഊർജ്ജം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിൽ വ്യാപാരം വൈവിധ്യവത്കരിക്കുന്നതിലും സഹകരണം വർദ്ധിപ്പിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം വെള്ളിയാഴ്ച അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളവും ആവേശകരവുമായ സ്വീകരണമാണ് ലഭിച്ചത്. എസീസ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രി മോദിയെ അർജന്റീനിയൻ പ്രസിഡന്റ് മിലേ സ്വീകരിച്ചു.
അർജന്റീനയിൽ എത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ ദേശീയ അഭിമാനത്തിന്റെ ഒരു പ്രധാന പ്രതീകമായ സാൻ മാർട്ടിൻ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ബ്യൂണസ് ഐറിസിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രി മോദിക്ക് അദ്ദേഹത്തിന്റെ ഹോട്ടലിന് പുറത്ത് ഗംഭീരമായ സ്വീകരണം നൽകി.
പ്രസിഡന്റ് മിലിയുടെ ക്ഷണപ്രകാരം നടന്ന പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക സന്ദർശനത്തിൽ പ്രതിരോധം, കൃഷി, ഖനനം, ഊർജ്ജം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമഗ്രമായ ഉഭയകക്ഷി ചർച്ചകളും നടന്നു. അർജന്റീനയുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ലാറ്റിൻ അമേരിക്കൻ മേഖലയിൽ സാന്നിധ്യം വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെ തന്ത്രപരമായ ഉദ്ദേശ്യത്തെ ഈ സന്ദർശനം സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: