ഇസ്ലാമബാദ്: ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണെന്നും അത് പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ആണെന്നും ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്. .ഓപ്പറേഷന്‍ സിന്ദൂറില്‍ അത് വെളിപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ” യുദ്ധത്തില്‍ പാകിസ്ഥാന്‍ മാത്രമല്ല ഉണ്ടായിരുന്നത്. ചൈനയും തുര്‍ക്കിയും നല്ലതുപോലെ ഇടപെട്ടിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് അഭിപ്രായപ്പെട്ടു. ‘പുതിയ കാലത്തെ സൈനിക സാങ്കേതികവിദ്യ’ എന്ന വിഷയത്തില്‍ ഫിക്കി (എഫ് ഐ സിസിഐ- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ആര്‍. സിങ്ങ്.
ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ ഇന്ത്യയുടെ സൈനിക നീക്കങ്ങളുടെ തത്സമയവിവരം പാകിസ്ഥാന് ചൈന നല്‍കി
“ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഡിജിഎംഒ (സൈനിക പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ജനറല്‍) തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ സൈനികവിന്യാസം എങ്ങിനെയായിരുന്നു എന്ന് ചൈന പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തിരുന്നു. ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ എങ്ങിനെയെല്ലാമാണ് വിന്യസിച്ചിരിക്കുന്നത് എന്ന ചിത്രം പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തത്. ഇത് മനസ്സിലാക്കിയതോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചത്.”- രാഹുല്‍ ആര്‍ സിങ്ങ് പറയുന്നു.
തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെ ലക്ഷ്യം വെച്ചു
“തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെയാണ് ലക്ഷ്യം വെച്ചിരുന്നത്. അതുപോലെ ഇന്ത്യയുടെ സൈനികആസ്ഥാനങ്ങളെയും ലക്ഷ്യം വെച്ചു.പക്ഷെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം കൃത്യതയോടെ പ്രതികരിച്ചിരുന്നു. തുര്‍ക്കിയുടെ ഡ്രോണുകള്‍ നാശംവിതയ്‌ക്കുന്നതിന് മുന്‍പ് തടയുന്നതില്‍ ഇന്ത്യ വിജയിച്ചു,”- അദ്ദേഹം സൂചിപ്പിച്ചു.
“ഇന്ത്യാ-പാക് യുദ്ധത്തില്‍ ഉടനീളം ചൈനയും തുര്‍ക്കിയും പാകിസ്ഥാനെ സഹായിച്ചു. ആയുധങ്ങള്‍ നല്‍കുക മാത്രമല്ല, ചൈനയും തുര്‍ക്കിയും അവരുടെ ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തത്സമയ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.” – രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.
“ചൈന എല്ലാതരം പിന്തുണയും പാകിസ്ഥാന് നല്‍കിയിരുന്നു. ഇതിനപ്പുറം ചൈനയുടെ ആയുധങ്ങള്‍ ഒന്നൊന്നായി പരീക്ഷിക്കാനും ചൈന ഈ യുദ്ധത്തില്‍ ശ്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള പരീക്ഷണശാലയാക്കുകയും ചെയ്തു.തുര്‍ക്കിയും അവര്‍ക്ക് ആവും വിധം പാകിസ്ഥാനെ സഹായിച്ചു “- രാഹുല്‍ ആര്‍. സിങ്ങ് അഭിപ്രായപ്പെട്ടു.
“പാകിസ്ഥാന്റെ ആയുധങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചുനോക്കൂ. അവരുടെ ആയുധങ്ങളുടെ 81 ശതമാനവും ചൈനയുടെ ആയുധങ്ങളാണ്. ജെ10, ജെഎഫ് 17, പിഎല്‍-15 മിസൈല്‍, എച്ച് ക്യു 9 പ്രതിരോധസംവിധാനം തുടങ്ങിയവയെല്ലാം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിന്യസിച്ചിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിലെ പാഠങ്ങള്‍
ഭാവിയില്‍ ഇന്ത്യ അവരുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാര്യമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യ പാകിസ്ഥാന്റെ 21 ഉന്നതമൂല്യമുള്ള കേന്ദ്രങ്ങളെ അടിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും അതില്‍ ഒമ്പതെണ്ണം മാത്രമാണ് മൂന്ന് സേനകളുടെ സംയുക്തനീക്കത്തിലൂടെ ലക്ഷ്യം വെച്ചത്.”-രാഹുല്‍ ആര്‍ സിങ്ങ് വെളിപ്പെടുത്തി. “അവസാനനിമിഷമാണ് ഒമ്പത് കേന്ദ്രങ്ങളില്‍ മാത്രം ആക്രമിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണദൗത്യമായതിനാല്‍ ഇന്ത്യയുടെ സംയുക്തശക്തി എന്തെന്ന് പാകിസ്ഥാന് മനസ്സിലായി.”- രാഹുല്‍ സിങ്ങ് വ്യക്തമാക്കി.
“മെയ് 10ന് നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ 11 വ്യോമസേന ബേസുകളില്‍ ആക്രമണം നടത്തിയിരുന്നു. റഡാറുകളും ആയുധസംവിധാനങ്ങളും കമാന്‍ഡ് സെന്‍ററുകളും തകര്‍ത്തു. ഈ ആക്രമണമാണ് പാകിസ്ഥാനെ വീഴ്‌ത്തിയത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ നേതൃത്വം നടത്തിയ തന്ത്രപരമായ നീക്കം വ്യക്തമായിരുന്നു. പാകിസ്ഥാന്‍ നല്‍കുന്ന വേദനകള്‍ ഏതാനും വര്‍ഷം മുമ്പു വരെ സഹിച്ചിരുന്ന രീതി ഇനി തുടരാന്‍ കഴിയില്ല. ഇന്ത്യ ശേഖരിച്ച ഒട്ടേറെ വിവരങ്ങളും രഹസ്യഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളും ചേര്‍ത്താണ് ആക്രമിക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു.
അടുത്ത തവണ പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ആക്രമിക്കും
ഇക്കുറി പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നില്ല. പക്ഷെ അടുത്ത തവണ തീര്‍ച്ചയായും അവര്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്‌ക്കുമെന്ന് ഉറപ്പാണെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ വ്യോമപ്രതിരോധവും എങ്ങിനെ അത് വിന്യസിക്കുന്നു എന്നതും പ്രധാനമാണ്. പക്ഷെ ഇന്ത്യ അത് കുറെക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.”- അദ്ദേഹം സൂചിപ്പിച്ചു.
















