പത്തനംതിട്ട: അനാഥാലയ അന്തേവാസിനി പ്രായപൂര്‍ത്തിയാവും മുമ്പ് ഗര്‍ഭിണിയായെന്ന പരാതിയില്‍ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തതോടെ നടത്തിപ്പുകാര്‍ ഒളിവില്‍. എന്നാല്‍ അന്തേവാസിനിയെ വിവാഹം ചെയ്ത സ്ഥാപന നടത്തിപ്പുകാരനെതിരെ നിലവില്‍ കേസ് എടുത്തിട്ടില്ല. പ്രയാപൂര്‍ത്തിയാകും മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായെന്നതു സംബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിക്കു(സിഡബ്ല്യൂസി) ലഭിച്ച പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. അതേസമയം കൂടുതല്‍ പേര്‍ സ്ഥാപനത്തിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്.
പരാതി ഉയര്‍ന്നതോടെ അനാഥാലയത്തിലെ 24 പെണ്‍കുട്ടികളെ സിഡബ്ല്യൂസി മാറ്റി പാര്‍പ്പിച്ചു. സ്ഥാപനത്തില്‍ നിന്നും വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ക്കു ശിശുക്ഷേമ സമിതി മേല്‍നോട്ടം വഹിക്കും. കൂട്ടുകാരായ കുട്ടികളെ ഒരേ സ്ഥാപനത്തില്‍ തന്നെയാണ് താമസിപ്പിക്കുക. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പുനരധിവാസം.
സ്ഥാപന നടത്തിപ്പുകാരില്‍ ഒരാള്‍ വിവാഹം ചെയ്ത അന്തേവാസിനി ഒരു കുഞ്ഞിന് ജന്മം നല്‍കിയതാണ് കേസിന് ആധാരം. 2024 ഒക്ടോബര്‍ ഒമ്പതിന് പതിനെട്ടു വയസു തികഞ്ഞ യുവതിയെ പത്തു ദിവസത്തിന് ശേഷമാണ് സ്ഥാപന നടത്തിപ്പുകാരില്‍ ഒരാള്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹ സമയം യുവതി ഗര്‍ഭിണിയായിരുന്നു എന്നാണ് യുവതിയുടെ പ്രസവശേഷം സിഡബ്ല്യൂസിക്ക് പരാതി ലഭിച്ചത്.
പ്രായപൂര്‍ത്തിയാകും മുമ്പേ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നാണ് സിഡബ്ല്യൂസിക്ക് ലഭിച്ച പരാതി. വിവാഹം കഴിഞ്ഞ് എട്ടു മാസം തികയും മുമ്പായിരുന്നു യുവതിയുടെ പ്രസവം. ഇതേ തുടര്‍ന്നാണ് ശിശുക്ഷേമ സമിതിക്ക് പരാതി പോയത്. ഗര്‍ഭധാരണം നടന്നത് പ്രായപൂര്‍ത്തിയാകും മുമ്പേ ആണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് അന്തേവാസിനിയുടെ ഭര്‍ത്താവായ സ്ഥാപന നടത്തിപ്പുകാരനെതിരെ പോലീസ് കേസ് എടുക്കാത്തത്.
യുവതിയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നവജാത ശിശു പൂര്‍ണ വളര്‍ച്ച എത്തിയിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: