ന്യൂഡൽഹി : ദലൈലാമയുടെ അടുത്ത പിൻഗാമിയെ തങ്ങൾ അംഗീകരിക്കണമെന്ന ചൈനയുടെ വാദത്തെ എതിർത്ത് ഇന്ത്യ . ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്‌ക്ക് മാത്രമേ തന്റെ പിൻഗാമിയെ തീരുമാനിക്കാൻ അധികാരമുള്ളൂ എന്ന് ഇന്ത്യ വ്യക്തമാക്കി .
“ദലൈലാമയുടെ നിലപാട് ടിബറ്റുകാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ അനുയായികൾക്കും അത്യധികം പ്രധാനമാണ്. തന്റെ പിൻഗാമിയെ തീരുമാനിക്കാൻ ദലൈലാമയ്‌ക്ക് അവകാശമുണ്ട്. മറ്റാർക്കും ആ അധികാരമില്ല” എന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രസ്താവനയിൽ വ്യക്തമാക്കി.
ദലൈലാമയുടെ 90-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധികളായി റിജിജുവും ജനതാദൾ (യുണൈറ്റഡ്) നേതാവ് ലല്ലൻ സിങ്ങും ധർമ്മശാല സന്ദർശിക്കും . “ഇത് തികച്ചും മതപരമായ ഒരു അവസരമാണ്. 600 വർഷം പഴക്കമുള്ള ദലൈലാമയുടെ സ്ഥാപനം അദ്ദേഹത്തിന്റെ മരണശേഷവും തുടരും.“ – റിജിജു പറഞ്ഞു
15-ാമത് ദലൈലാമയെ തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും ദലൈലാമയുടെ ഔദ്യോഗിക ഓഫീസായ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിന്റെ തീരുമാനമാണെന്ന് ദലൈലാമ ആവർത്തിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കുന്ന ദലൈലാമയുടെ 90-ാം ജന്മദിനാഘോഷത്തിന് ടിബറ്റുകാർ ഒരുങ്ങുകയാണ്. അതേസമയം, പുതിയ ദലൈലാമയുടെ പേരും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഏകദേശം 66 വർഷമായി ധർമ്മശാലയിൽ നിന്നാണ് ടിബറ്റൻ സമൂഹം നയിക്കപ്പെടുന്നത്. 1959 ലെ പ്രക്ഷോഭത്തിനുശേഷം ഇന്ത്യയിൽ അഭയം പ്രാപിച്ച ദലൈലാമ ഇപ്പോൾ തന്റെ പിന്തുടർച്ചാവകാശ പദ്ധതികളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ‘വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസ്’ എന്ന ആത്മകഥയിൽ, തന്റെ 90-ാം ജന്മദിനത്തിൽ തന്റെ പിൻഗാമിയെ വെളിപ്പെടുത്തുമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: