കോട്ടയം : സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും അതിവിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുള്ള ദുരന്തമെന്ന് ബിജെപി നേതാവ് എൻ. ഹരി കുറ്റപ്പെടുത്തി. തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് ആരോഗ്യവകുപ്പിനെ ഭേദപ്പെടുത്താനാവില്ല.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടത്തിനിടയിൽ അമ്മ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കുട്ടി പറഞ്ഞിട്ടും സ്ഥലത്ത് എത്തിയ മന്ത്രിമാർ അത് ഗൗരവത്തിൽ എടുത്തില്ല . മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ ഭൂരിപക്ഷവും ജില്ലയിലുള്ള വേളയിൽ ദുരന്തത്തിന്റെ ഗൗരവം കുറയ്‌ക്കാൻ മന്ത്രിമാർ ബോധപൂർവ്വം ശ്രമിച്ചു എന്ന് കരുതേണ്ടിയിരിക്കുന്നു.
മന്ത്രിമാരുടെ നിസ്സംഗ നിലപാടാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ആർക്കുവേണ്ടിയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കോട്ടയത്തെ പരിപാടികളെ ദുരന്തം ബാധിക്കാതിരിക്കുന്നതിന് വേണ്ടിയായിരുന്നോ ഗൗരവം കുറച്ചു കണ്ടത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിട ജീർണാവസ്ഥയാണ് അപകടം സൂചിപ്പിക്കുന്നത്. പുതിയ ബ്ലോക്കിൽ അഗ്നിബാധയുണ്ടായപ്പോൾ രക്ഷാ വാഹനങ്ങൾക്ക് കടന്നു വരാൻ പോലും കഴിഞ്ഞില്ല. യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് വളരെ വ്യക്തമാണ്. കെട്ടിട നിർമ്മാണത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും എൻ. ഹരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: